സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന് വ്യക്തമാക്കി.

കൊച്ചി: പളളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന. സർക്കാരിന് രേഖാമൂലം മറുപടി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു. സ്കൂളിന് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സിസ്റ്റർ ഹെലീന് വ്യക്തമാക്കി. ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണ്. യൂണിഫോം നിശ്ചയിക്കാൻ സ്കൂൾ മാനേജ്മെന്റിന് അധികാരമുണ്ട്. കുട്ടിക്ക് പഠനം നിഷേധിച്ചിട്ടില്ലെന്നും സിസ്റ്റര്‍ ഹെലീന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രി സംസാരിച്ചത് കാര്യമറിയാതെയാണ്. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു. കുഞ്ഞിനോട് അപമര്യാദയായി പെരുമാറുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷകയും വ്യക്തമാക്കി. 

അതേ സമയം, രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്‍റ് റീത്താസ് പബ്ലിക് സ്കൂൾ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ഇന്ന് സ്കൂളിൽ എത്തില്ല. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവധിയെടുത്തതാണെന്ന് രക്ഷിതാവ്. സ്കൂളിന്റെ നിയമാവലി പാലിക്കാമെന്നും തുടർന്നും കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കാനാണ് ആ​ഗ്രഹമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞതായി ഹൈബി ഈഡൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ഹൈബി ഈഡൻ എം പിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസിന്റെയും മധ്യസ്ഥതയിൽ രക്ഷിതാവും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കിക്കൊടുക്കില്ലെന്നും അനസ് വ്യക്തമാക്കി. ബിജെപി ആർ എസ് എസ് ശക്തികൾ ബോധപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചെന്നും വർഗീയമായ ഭിന്നിപ്പ് ഉണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്