ഇരുപത്തഞ്ചോ അൻപതോ വർഷം കഴിഞ്ഞ് സംഭവിക്കാൻ സാധ്യതയുള്ള വികസനമാണ് കിഫ്ബി വഴി ഇപ്പോൾ സാധ്യമാകുന്നതെന്ന് മന്ത്രി പി പ്രസാദ്. കിഫ്ബി വഴി അഗ്രി പാർക്കുകൾ യാഥാർത്ഥ്യമാവുകയാണ്. കാർഷിക മേഖലയിലെ മുന്നേറ്റങ്ങളെ കുറിച്ച് മന്ത്രി പറയുന്നു…
തിരുവനന്തപുരം: കേരളത്തിന്‍റെ കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പ്രായോഗിക പരിഹാര മാർഗങ്ങളും വിശദീകരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഉൽപ്പാദനച്ചെലവ് കുറയ്ക്കുക, വിളവ് വർദ്ധിപ്പിക്കുക, സുസ്ഥിരമായ വിപണി ഉറപ്പാക്കുക എന്നീ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് തന്റെ വകുപ്പ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനമാണ് കർഷകർ നേരിടുന്ന വലിയ പ്രതിസന്ധി. കാലാവസ്ഥയ്ക്ക് അനുപൂരകമായ കൃഷി രീതികൾക്ക് പണം എവിടെ നിന്ന് ലഭിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് ആദ്യം ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.
"എല്ലാവരെയും പോലെ കേന്ദ്ര പദ്ധതികൾക്കായി ആദ്യം ശ്രമിച്ചു. ഒരു പുതിയ പദ്ധതിയും കേരളത്തിലെ കാർഷിക മേഖലയ്ക്ക് കിട്ടിയില്ല. അങ്ങനെയാണ് വേൾഡ് ബാങ്കിൽ നിന്ന് ലോണിന് ശ്രമിച്ചത്. ഒരുപാട് പരിശ്രമം നടത്തി. 2365 കോടി രൂപയുടെ കേര എന്ന പദ്ധതിക്ക് തുടക്കം കുറിക്കാനായി. അത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അടുത്ത അഞ്ച് വർഷക്കാലം ബജറ്റ് വിഹിതത്തിന് പുറമെ 2365 കോടി രൂപ കാർഷിക മേഖലയ്ക്ക് വിനിയോഗിക്കാൻ കഴിയും. നെൽകൃഷി, നാളീകേര കൃഷി തുടങ്ങിയ കാർഷിക മേഖലയ്ക്ക് പുറമെ റബ്ബർ, ഏലം, കാപ്പി തുടങ്ങിയ മേഖലകളിലും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ആധുനിക കൃഷി രീതി എന്നതാണ് ലക്ഷ്യം. 40 കൊല്ലത്തിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയ പദ്ധതി കാർഷിക മേഖലയിൽ നടക്കുന്നത്"- മന്ത്രി പറഞ്ഞു.
വിളപ്പെടുപ്പാനന്തര നഷ്ടം ഒഴിവാക്കാൻ ആധുനികമായ രീതിയിൽ സംഭരിക്കാൻ കഴിയണം. അഗ്രി പാർക്കുകളും പോസസിങ് സെന്‍ററുകളും വേണം. കിഫ്ബി വഴി ഒരു അഗ്രി പാർക്ക് തുടങ്ങാൻ കഴിഞ്ഞു. അത് കണ്ണാറിലെ ബനാന ഹണി പാർക്ക് ആണ്. അഞ്ച് അഗ്രോ പാർക്കുകൾ കൂടി കിഫ്ബി വഴി യാഥാർത്ഥ്യമാകും. വെജിറ്റബിൾ, കോക്കനട്ട്, മാംഗോ തുടങ്ങിയ അഗ്രോ പാർക്കുകൾ വരും. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ സംസ്കരിച്ചു വയ്ക്കാനും മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റാനും കഴിയും. കിഫ്ബി വഴിയുള്ള ധനസഹായത്തിലൂടെയാണ് ഇതെല്ലാം യാഥാർത്ഥ്യമാകുന്നത്. ഇരുപത്തഞ്ചോ അൻപതോ വർഷം കഴിഞ്ഞ് സംഭവിക്കാൻ സാധ്യതയുള്ള വികസനമാണ് കിഫ്ബി വഴി ഇപ്പോൾ സാധ്യമാകുന്നത്. ബജറ്റിന് പുറത്ത് വികസനത്തിന് പണം ലഭിക്കാൻ കിഫ്ബിയേ ഉള്ളൂവെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
ലക്ഷ്യമിട്ടത് 10000, ഇപ്പോൾ 23,500 കൃഷിക്കൂട്ടങ്ങൾ
കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉയർന്ന ഉൽപ്പാദനച്ചെലവാണെന്ന് മന്ത്രി സമ്മതിച്ചു. കർഷകർക്ക് തന്റെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാത്തതാണ് മറ്റൊരു പ്രശ്നം. കർഷകന്‍റെ ഉൽപ്പന്നത്തിന് നല്ല വില കിട്ടണം. എന്തൊരു വില എന്നു പറയുന്ന നമ്മൾ എന്തൊരു അധ്വാനം എന്ന് എന്തുകൊണ്ട് പറയുന്നില്ല? പച്ചക്കറി മേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പേരിൽ കൃഷിക്കൂട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. സാധ്യമാകുന്നവരെല്ലാം കൃഷിയിലേക്കിറങ്ങണം. 10000 കൃഷിക്കൂട്ടങ്ങളാണ് പദ്ധതിയിട്ടത്. ഇപ്പോൾ 23,500 കൃഷിക്കൂട്ടങ്ങളുണ്ടാക്കി. 56.4 ശതമാനം രോഗങ്ങളുടെ കാരണം അനാരോഗ്യകരമായ ഡയറ്റാണെന്ന് ഐസിഎംആറിന്‍റെ പഠനം പറയുന്നു. പച്ചക്കറി ഉത്പാദനത്തിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന അവബോധം ജനങ്ങൾക്കുണ്ടായി. പച്ചക്കറി കൃഷിയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. വളരെ വേഗം നമുക്ക് പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിപണി
കാർഷിക ഉൽപ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തിന് ഒപ്പം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുണ്ടാക്കുക എന്നത് വളരെ പ്രധാനമാണ്. അപ്പോൾ കർഷകന് സ്വയം ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കാൻ കഴിയും. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ പോലുള്ളവയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഉൽപ്പന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കുന്നതിനൊപ്പം അവയെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി അന്താരാഷ്ട്ര വിപണികളിൽ എത്തിക്കാനാകും. നാലായിരത്തിലധികം ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഓണ്‍ലൈൻ വഴി വിൽപ്പനയ്ക്ക് വച്ചു. കർഷകരുടെ ഉൽപ്പന്നങ്ങളുടെ ബ്രാൻഡഡ് ഷോറൂമുകൾ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും തുടങ്ങി. കേരളത്തിലെ ചക്ക, തേങ്ങ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വലിയ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിപണി ഉറപ്പാക്കാൻ സിയാൽ മോഡലിൽ കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ - യുഎസ് വ്യാപാര കരാർ സംബന്ധിച്ച ആശങ്കയും മന്ത്രി പങ്കുവച്ചു. ഇടിത്തീ പോലെയാണ് കാർഷിക മേഖലയിലേക്ക് ഈ കരാർ വന്നുപതിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ആശങ്കകളൊന്നും ഗൌരവത്തിൽ എടുത്തില്ല. എന്തിനാണ് ജനങ്ങളെ ഇരുട്ടിൽ നിർത്തുന്നതെന്നും എന്തുകൊണ്ട് കരാറിൽ എന്തെന്ന് ജനങ്ങളോട് പറയുന്നില്ലെന്നും മന്ത്രി പി പ്രസാദ് ചോദിക്കുന്നു.



