രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ കെ സുധാകരൻ, പിന്നീട് കെ.സി.വേണുഗോപാലിനെ പിന്തുണച്ചത് വി.ഡി. സതീശനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ്.
കണ്ണൂർ : രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച കെ സുധാകരൻ വളരെ പെട്ടെന്നാണ് മലക്കം മറിഞ്ഞ് കെ.സി.വേണുഗോപാലിനെ പിന്തുണച്ചത്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ. കെസി വേണുഗോപാൽ നയിക്കണമെന്ന തുറന്നുപറച്ചിലിന് പിന്നിൽ വി ഡി സതീശനെ ഒതുക്കലാണെന്നാണ് വിവരം. അതേസമയം, നിയമസഭയിൽ സീറ്റ് കിട്ടാത്തതിന്റെ പേരിൽ സംസ്ഥാന നേതൃത്വത്തോട് പിണങ്ങി നിൽക്കുന്ന സുധാകരനെ ഒപ്പം നിർത്താനുള്ള ശ്രമമാണ് കെസി വേണുഗോപാലിന്റേത്.
കെ സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ സംസ്ഥാനത്തുണ്ടാകുക രണ്ടു ഉപതിരഞ്ഞെടുപ്പായിരിക്കും. നിയമസഭയിലേക്കും ലോക്സഭയിലേക്കും. അനാവശ്യമായി ഉപതിരഞ്ഞെടുപ്പ് വരുത്തി വയ്ക്കരുതെന്ന നിർദ്ദേശം മുന്നോട്ടുവെച്ചാണ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതു തീരുമാനം ഹൈകമാൻഡ് കഴിഞ്ഞമാസം എടുത്തത്. അതുവഴി കണ്ണൂർ സീറ്റിൽ കണ്ണുവച്ച കെ സുധാകരനെ ഒതുക്കുകയും ചെയ്തു. കെ സി വേണുഗോപാലിനു വേണ്ടി ഈ നിലപാടിൽ വെള്ളം ചേർത്താൽ ആദ്യം ചോദ്യം ചെയ്യുന്നത് കെ സുധാകരൻ തന്നെ ആയിരിക്കും. അത് ഒഴിവാക്കാനാണ് സുധാകരനെ ചേർത്തുപിടിച്ചും ഫേസ്ബുക്കിൽ കുറിപ്പിടീപ്പിച്ചും കെ.സി ടീം വഴിതെളിച്ചതെന്നാണ് വിലയിരുത്തൽ.
ഈ കുഴിയിലാണ് കെ സുധാകരൻ വീണതെങ്കിലും സുധാകരനും ഉണ്ട് മറ്റു ചില ലക്ഷ്യങ്ങൾ. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്തു പോകേണ്ടി വന്നതും, അധ്യക്ഷനായിരിക്കെ വിമർശനങ്ങൾ നേരിടേണ്ടിവന്നതും മറു പക്ഷത്ത് വിഡി സതീശൻ ഉള്ളതുകൊണ്ടായിരുന്നു എന്നാണ് കെ സുധാകരൻ ഇപ്പോഴും വിശ്വസിക്കുന്നത്. ഇരുവർക്കുമിടയിലെ വിയോജിപ്പുകൾ പലകുറി പുറത്തുവന്നതും ആണ്. ഈ ഘട്ടത്തിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഒപ്പം നിന്ന രമേശ് ചെന്നിത്തലയെ, അവസരത്തിനൊത്ത് സഹായിക്കുകയാണ് "രമേശ് മുഖ്യമന്ത്രിയാകാൻ യോഗ്യനാണെന്ന" പ്രസ്താവനയിലൂടെ നേരത്തെ ചെയ്തതും.
എന്നാൽ മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടം കെ.സി- വി.ഡി ദ്വന്തത്തിലേക്ക് പൂർണമായും മാറിയപ്പോഴാണ് രമേശിനെ കയ്യൊഴിഞ്ഞ് കെസിയെ പിന്തുണയ്ക്കാനുള്ള സുധാകരന്റെ തീരുമാനം. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനു തൊട്ടു പിന്നാലെയാണ് ഇന്നലെ കെ സുധാകരൻ ദില്ലിക്ക് പറന്നത്. അതിനു മുന്നോടിയായി കെ സുധാകരനും കുടുംബവുമായി കെസി ടീം കൃത്യമായ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെയായി അഭിപ്രായങ്ങൾ പലതും മാറ്റിപ്പറയുന്ന കെ സുധാകരൻ, കെസി വേണുഗോപാലനായി എത്രദിവസം നിൽക്കുമെന്നത് ഉറപ്പിച്ചു പറയാനുമാകില്ല.



