ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിക്കാനാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കൊച്ചിയിൽ നടന്ന ചടങ്ങിൽ, സ്ത്രീകൾ ഇന്ന് ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കാനാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇത്രയുമേയുള്ളു തന്‍റെ ആഗ്രഹം. അതിനപ്പുറം ഒന്നും താൻ ആഗ്രഹിക്കുന്നില്ല. ഇത് പറഞ്ഞാൽ അപകടമാകില്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഉത്തരേന്ത്യയിലെ പത്രങ്ങൾ മുഴുവൻ സുരേഷ് ഗോപി രാജിവെച്ചു, ഗുരുവായൂർ ദേവസ്വം ചെയര്‍മാനായിട്ട് പോയി എന്ന് എഴുതും. ഇതൊക്കെ വലിയ പുകിലാക്കി കളയുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സ്ത്രീകൾ ഇന്ന് വെറും വികസന ഗുണഭോക്താക്കളല്ല, മറിച്ച് ഇന്ത്യയുടെ പുരോഗതിയുടെ ശില്പികളായി മാറിയിരിക്കുകയാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച 'ദേവി അവാർഡ്' ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണം എന്നത് അവർക്ക് അധികാരം നൽകലല്ല, മറിച്ച് അവർക്കുള്ളിൽ തന്നെയുള്ള കരുത്തിനെ തിരിച്ചറിയുക എന്നതാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ ബഹിരാകാശ ദൗത്യങ്ങൾ വരെയും, സ്റ്റാർട്ടപ്പുകൾ മുതൽ ഗവേഷണ മേഖലകൾ വരെയും സ്ത്രീകൾ ഇന്ത്യയുടെ വളർച്ചയെ നയിക്കുന്നു. സ്വയംപര്യാപ്തവും വികസിതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകളുടെ നേതൃത്വവും പങ്കാളിത്തവും നിർണ്ണായകമാണ്. പുതിയ ഇന്ത്യയുടെ കഥ രൂപപ്പെടുത്തുന്നത് സ്ത്രീകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വനിതാ പ്രതിഭകൾക്ക് മന്ത്രി ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ മുതൽ അത്യാധുനിക സാങ്കേതിക വിദ്യകളിൽ വരെ സ്ത്രീകളുടെ നേതൃത്വം ഇക്കാലത്ത് പ്രകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.


