മലപ്പുറം തിരുവാലി പഞ്ചായത്തിൽ പ്രസിഡൻ്റ് പദവിയെച്ചൊല്ലി യുഡിഎഫിൽ തർക്കം രൂക്ഷമായി. രണ്ടര വർഷം പ്രസിഡൻ്റ് സ്ഥാനം വേണമെന്ന മുസ്ലിം ലീഗിൻ്റെ ആവശ്യം കോൺഗ്രസ് നിരസിച്ചതോടെ, തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ലീഗ് തീരുമാനിച്ചു

മലപ്പുറം: മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫിൽ തർക്കം രൂക്ഷം. പഞ്ചായത്ത് പ്രസിഡൻ്റ് പദവിയുമായി ബന്ധപ്പെട്ടാണ് തർക്കം. രണ്ടര വർഷം പ്രസിഡണ്ട് സ്ഥാനം വേണമെന്ന് മുസ്ളിം ലീഗ് മുന്നണിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രസിഡൻ്റ് പദവി പങ്കുവെക്കാനില്ലെന്നും വൈസ് പ്രസിഡൻ്റ് സ്ഥാനം മാത്രമേ നൽകൂവെന്നുമാണ് കോൺഗ്രസിൻ്റെ നിലപാട്. കോൺഗ്രസ് നിലപാടിൽ വിട്ടുവീഴ്‌ച ചെയ്യാത്ത സാഹചര്യത്തിൽ നാളെ നടക്കുന്ന പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് മുസ്ലിം ലീഗിൻ്റെ തീരുമാനം. 

പഞ്ചായത്തിൽ ഏഴ് സീറ്റുകളിലാണ് കോൺഗ്രസ് ജയിച്ചത്. ഇടതുപക്ഷം എട്ട് സീറ്റുകളിൽ ജയിച്ചു. നാലംഗങ്ങളുള്ള മുസ്ലിം ലീഗിൻ്റെ പിന്തുണയോടെയല്ലാതെ കോൺഗ്രസിന് പഞ്ചായത്ത് ഭരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് മുസ്ലിം ലീഗ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്. തർക്കം തീർന്നില്ലെങ്കിൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വിട്ടുനിൽക്കുന്ന പക്ഷം 19 അംഗ പഞ്ചായത്തിൽ എൽഡിഎഫ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചേക്കും.