ടിഎൻ ഗോപകുമാറിൻ്റെ ഓർമയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷൻ മുതൽ വാൻറോസ് ജംഗ്ക്ഷൻ വരെയുള്ള റോഡിന് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോ‍ഡെന്ന് ഇന്ന് പേരിടും. 

തിരുവനന്തപുരം: പ്രമുഖമാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫുമായിരുന്ന ടിഎൻ ഗോപകുമാറിന്റെ ഓർമകൾക്കിന്ന് പത്തു വയസ്. അദ്ദേഹത്തിന്റെ ഓർമയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ഹൗസിംഗ് ബോർഡ് ജംഗ്ക്ഷൻ മുതൽ വാൻറോസ് ജംഗ്ക്ഷൻ വരെയുള്ള റോഡിന് ഏഷ്യാനെറ്റ് ന്യൂസ് ടിഎൻ ഗോപകുമാർ റോ‍ഡെന്ന് ഇന്ന് പേരിടും. ഇന്ന് രാവിലെ 10 മണിക്ക് ഹൗസിംഗ് ബോർഡ് ജംഗ്ക്ഷനിൽ നടക്കുന്ന ചടങ്ങിൽ മേയർ വിവി രാജേഷ് പുതിയ പേര് അനാഛാദനം ചെയ്യും. സിപിഎം കക്ഷിനേതാവ് എസ്പി ദീപക്ക്, തമ്പാനൂർ വാർഡ് കൗൺസിലർ ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.

മാധ്യമപ്രവർത്തനം മനുഷ്യപക്ഷത്താകണമെന്ന അടിസ്ഥാനപാഠത്തെ, മലയാള ദൃശ്യമാധ്യമ രംഗത്ത് അടയാളപ്പെടുത്തിയാണ് ടിഎൻജി മടങ്ങിയത്. വേദനിക്കുന്നവരോട് ചേർന്നുനിൽപ്പാണ് വാർത്തയെന്നും, അതിന്റെ ഭാഷയിൽ കൃതിമത്വമില്ലെന്നും അടയാളമിട്ട എഡിറ്റർ ഇൻ ചീഫ് ആയിരുന്നു ടിഎൻജി. നികത്താൻ ഇനിയും കഴിയാത്ത, ആവർത്തിക്കാൻ ഇടയില്ലാത്ത ഒരാമുഖം. മലയാളി ടിഎൻജിയിലൂടെ കണ്ണാടിയിലേക്ക് നോക്കി, കണ്ണാടിയിൽ മലയാളി പതിഞ്ഞു. അരികിലേക്ക് മാറ്റി നിർത്തിയവർ, സങ്കടങ്ങളുടെ ഭാരം കൊണ്ടവർ, ജീവിതം ഉത്തരമില്ലാതെ നീങ്ങിയവർ. എല്ലാവരും വാർത്തയായി, വർത്തമാനമായി. കണ്ണാടി അവരെ കൈപിടിച്ചുയർത്തി. ആരാണ് വാർത്തയെന്നും ആരുടേതാവാണം മാധ്യമങ്ങളെന്നും നമ്മളോട് ടിഎൻജി പറഞ്ഞു. അതിന് അടയാളമിട്ടു. പൊതുബോധ നിർമിതികളോട് ശരി കൊണ്ട് കലഹിച്ചു. സത്യങ്ങൾ ചാരത്തിൽ നിന്നുയർന്നു.

ഇന്ത്യൻ എക്സ്പ്രസിലൂടെയാണ് ടിഎൻജി തുടങ്ങിയ മാധ്യമപ്രവർത്തനം തുടങ്ങിയത്. മാതൃഭൂമിയിലും ഇന്ത്യ ടുഡേയിലും ബിബിസി റേഡിയോയിലും പരിചയമുണ്ടായിരുന്നു. തുടക്കം മുതൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ മുഖമായിരുന്നു. മാധ്യമപ്രവർത്തനം മാത്രമായിരുന്നില്ല, എഴുത്തിലും സിനിമയിലും ടിഎൻജി മികച്ചതായി. ടിഎൻജി ഇല്ലാത്ത പതിറ്റാണ്ട്, കാലം മാറി. മാധ്യമങ്ങൾ മാറി. ഉന്നമിട്ടുള്ള അതിനാടകീയതകളിൽ, ശരിപക്ഷമില്ലാത്ത പ്രകടനങ്ങളിൽ ചുരുങ്ങുമ്പോൾ, അതിന്റെ ഓരത്ത് കെട്ടിയിടാത്ത ഓർമ ഇന്നും ഏഷ്യാനെറ്റ്‌ ന്യൂസിന് ടിഎൻജി. 

YouTube video player