പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തും. 

തിരുവനന്തപുരം: എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. പാർക്കിങ് നിരോധനംഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ലംഘിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

ഡൊമസ്റ്റിക് എയർപോർട്ട് - ചാക്ക - ബേക്കറി ജംഗ്ഷൻ വിമൻസ് കോളെജ് ജംഗ്ഷൻ - തമ്പാനൂർ ഫ്ലൈ ഓവർ - കിള്ളിപ്പാലം - പള്ളിച്ചൽ റോഡ് ചാക്ക - അനന്തപുരി ഹോസ്പിറ്റൽ റോഡ് ചാക്ക - വെൺപാലവട്ടം - കിംസ് ആശുപത്രി റോഡ് പള്ളിമുക്ക് - കുമാരപുരം - മെഡിക്കൽ കോളേജ് ആശുപത്രി റോഡ് എന്നീ റോഡുകളിൽ ഗതാഗതം നിയന്ത്രിക്കും. ഇരുവശങ്ങളിലും പാർക്കിങ് ഉണ്ടായിരിക്കില്ല. പ്രധാനമന്ത്രി കടന്നുപോകുന്ന സമയത്ത് പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിൽ നിയന്ത്രണം ഉണ്ടാകും. ശംഖുമുഖം, ചാക്ക, വഴുതക്കാട്, പൂജപ്പുര, തമ്പാനൂർ, നേമം തുടങ്ങി വിവിധ ഭാഗങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും

വിമാനത്താവള യാത്രക്കാരുടെ ഗതാഗതവും തടസപ്പെടാൻ സാധ്യതയുണ്ടെന്നും വേണ്ട മുൻ കരുതലെടുക്കണമെന്നും മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെയും വൈകുന്നേരം 6.00 മുതൽ 7.00 വരെയും ശംഖുമുഖം ഭാഗത്തുനിന്ന് ഡൊമസ്റ്റിക് എയർപോർട്ടിലേക്കും തിരിച്ചും വാഹനങ്ങൾ അനുവദിക്കില്ല. എയർപോർട്ടിലേക്ക് പോകുന്നവർ ചാക്ക - ഈഞ്ചക്കൽ - കല്ലുംമൂട് - വലിയതുറ വഴി പോകേണ്ടതാണ്.വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ യാത്രകൾ നേരത്തെ ക്രമീകരിക്കണം.കൂടുതൽ വിവരങ്ങൾക്കായി സിറ്റി പൊലീസ് ഹെൽപ്പ് ലൈൻ നമ്പരുകളായ 0471 2558731, 9497930055 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പ്രധാനമന്ത്രിയെയും വഹിച്ചുള്ള ഹെലികോപ്റ്റർ നാഗർകോവിൽ മറുവൻകുടിയിരിപ്പ് എആർ ക്യാംപ് മൈതാനത്ത് ഇറങ്ങും.തുടർന്ന് വൈകിട്ട് മൂന്നിന് ശേഷമാണ് റോഡ് മാർഗം വേപ്പുമൂട് ജംക‍്ഷനിൽ എത്തി ഒരു കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ ആരംഭിക്കുക. ഇതിനു ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കു മടങ്ങും. സന്ദർശനം കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന പൊലീസിലെ ഉന്നതരെ കൂടാതെ കേന്ദ്ര സേനകളിലെ ഉദ്യോഗസ്ഥരും സുരക്ഷാ നടപടികൾ വിലയിരുത്തി. റോഡ്ഷോ നടക്കുന്ന പാതയിലുള്ള കെട്ടിടങ്ങൾ കമാൻഡോകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. കന്യാകുമാരി പാതയിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.