പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കൗൺസിലർ പ്രശോഭിന് വോട്ട് ചെയ്യാനായില്ല. കൗൺസിൽ യോഗത്തിൽ വൈകിയെത്തിയെന്ന കാരണത്താൽ റിട്ടേണിങ് ഓഫീസർ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചു.
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗൺസിലർ പ്രശോഭിനെ വോട്ടെടുപ്പിൽ നിന്ന് മാറ്റിനിർത്തി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് മാറ്റിനിർത്തിയത്. കൗൺസിൽ യോഗം ചേർന്ന് മിനിറ്റുകൾ വൈകി 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിങ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. ഗ്യാസിൻ്റെ പ്രശ്നമുള്ളത് കൊണ്ട് ഗുളികവാങ്ങാനായി പോയതാണ് കൗൺസിൽ യോഗത്തിലെത്താൻ വൈകിയതിൻ്റെ കാരണമായി പ്രശോഭ് പറഞ്ഞത്. രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ ചെയർമാനായി ബിജെപിയിലെ പി സ്‌മിതേഷ് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിക്ക് നഗരസഭയിൽ 25 അംഗങ്ങളാണ് ഉള്ളത്. 18 അംഗങ്ങൾക്ക് പുറമെ ഒരു സ്വതന്ത്രനും യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണച്ചു.


