പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ജീവിതത്തിലുടനീളം പി.ടി. തോമസിന്റെ തുണയായിരുന്ന ഡിജോ കാപ്പൻ, വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പി ടിയുടെ അടുത്തേക്ക് കാപ്പൻ ചേട്ടൻ വരുന്നു എന്ന് പറഞ്ഞാണ് ഉമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൊച്ചി: പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ വിയോഗത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. "കാപ്പൻ ചേട്ടൻ പോയി.. എന്നുവെച്ചാൽ ശരീരത്തിന്‍റെ ഒരു ഭാഗം പോയി എന്നർത്ഥം." - ഉമ തോമസിന്റെ ഈ വാക്കുകളിൽ തന്നെയുണ്ട് ഡിജോ കാപ്പൻ എന്ന മനുഷ്യൻ അവരുടെ കുടുംബത്തിന് ആരായിരുന്നു എന്നത്. ജീവിതത്തിലുടനീളം പി ടിയുടെ തുണയായിരുന്നയാളാണ്. പി ടീ, ദേ.... കാപ്പൻ ചേട്ടൻ വരുന്നു... നിങ്ങൾ ഇനിയും പരസ്പരം തുണയാവുക എന്ന് കുറിച്ചാണ് ഉമ തോമസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പ് വായിക്കാം
കാപ്പൻ ചേട്ടൻ പോയി..
എന്നുവച്ചാൽ ശരീരത്തിന്റെ ഒരു ഭാഗം പോയി എന്നർത്ഥം.
വിദേശത്തുള്ള തന്റെ മകന്റെ ഭാര്യയെയും താനിതുവരെ കാണാത്ത അവരുടെ കുഞ്ഞിനെയും കാണാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് തിരിച്ചതായിരുന്നു ആ പുലർച്ചെ കാപ്പൻ ചേട്ടൻ.
ചെരിപ്പ് ആക്സിലേറ്ററിൽ കുരുങ്ങിയുണ്ടായ വാഹനാപകടം.
ഒക്ടോബർ മുതൽ ഇന്നേക്ക് ഏഴ് മാസമാണ് ആ മനുഷ്യൻ
തളർന്നു കിടന്നത്.
ജീവിതത്തിലുടനീളം
പി ടിയുടെ തുണയായിരുന്നയാൾ.
തന്റെ അവസാന അഭിലാഷങ്ങളും എന്നോട് അല്ലല്ലോ പി ടി പറഞ്ഞത്.
ഡിജോ കാപ്പൻ എന്ന ആത്മ സുഹൃത്തിനോടായിരുന്നല്ലോ.
പി ടീ,
ദേ.... കാപ്പൻ ചേട്ടൻ വരുന്നു..
നിങ്ങൾ ഇനിയും പരസ്പരം തുണയാവുക..
ഡിജോ കാപ്പൻ അന്തരിച്ചു
കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്ന ഡിജോ കാപ്പൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്.
പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്കുള്ള പോരാട്ടങ്ങളിലൂടെയാണ് ഡിജോ കാപ്പൻ ശ്രദ്ധേയനായത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിന് കാര്‍ അപകടത്തിൽ പരിക്കേറ്റത്. മാധ്യമചര്‍ച്ചകളിലെ നിരന്തര സാന്നിദ്ധ്യം കൂടിയായിരുന്നു അദ്ദേഹം. സെന്‍റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷൻ സ്ഥാപിച്ചത് ഡിജോ കാപ്പനാണ്. കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.


