സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച

ദില്ലി: സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച. കേസ് രേഖകൾ അടക്കം ലഭിച്ചത് കോടതിയെ സമീപിച്ച ശേഷം മാത്രമാണെന്നും കോടതിയിൽ കൃത്യമായ വാദങ്ങൾ പോലും സിബിഐ അവതരിപ്പിച്ചില്ല, സുപ്രീം കോടതി വിധി നേരിയ ആശ്വാസം മാത്രമാണ് തനിക്ക് എതിരായ വധഭീഷണികൾ കാര്യമാക്കുന്നില്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നത് മാത്രമാണ് ആവശ്യം എന്നും അഭിഭാഷകൻ പറഞ്ഞു.

ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീം കോടതി നടപടി ഇന്ത്യയിലെ ഓരോ പെൺകുട്ടികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് സാമൂഹിക പ്രവർത്തക യോഗിത ഭയാൻ പ്രതികരിച്ചു. അതിജീവിതയെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും, സത്യം മാത്രമേ ജയിക്കൂവെന്നും യോ​ഗിത ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനവികാരം ശക്തമായതാണ് കോടതിയിൽ സിബിഐയെ കൊണ്ട് സെൻ​ഗാറിനെതിരായ നിലപാട് എടുപ്പിച്ചതെന്നും, ഇനിയും നീണ്ട പോരാട്ടങ്ങൾ വേണ്ടിവരുമെന്ന് വ്യക്തമാണെന്നും മുംതാസ് പട്ടേലും പറഞ്ഞു. അതിജീവിതയ്ക്കൊപ്പം സമര രം​ഗത്തുള്ളവരാണ് രണ്ടുപേരും.

YouTube video player