ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനില്‍ വീണ്ടും ഹാജരാകും.

കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് ചേവായൂര്‍ പൊലീസ് കലാപാഹ്വാനത്തിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനില്‍ വീണ്ടും ഹാജരാകും. എന്നാല്‍, വീണ്ടും കസ്റ്റഡിയിലെടുക്കയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ തടയുമെന്നും സ്റ്റേഷന്‍ ഉപരോധത്തിലേക്ക് പോകുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് എടുത്ത കേസില്‍ എന്‍ സുബ്രഹ്മണ്യനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് ഇന്നലെ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊലീസ് സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിട്ടുപോലും സുബ്രഹ്മണ്യനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധമുള്‍പ്പെടെ നടത്തിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നാളെ രാവിലെ 11 മണിക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചത്. 

പങ്കുവെച്ച ഫോട്ടോ ആധികാരികമാണെന്ന് ആവര്‍ത്തിച്ച സുബ്രഹ്മണ്യൻ നാളെ ഹാജരാകുമെന്നും അറിയിച്ചു. സുബ്രഹ്മണ്യനെ നാളെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ നീക്കം നടത്തിയാല്‍ തടയുമെന്നും സ്റ്റേഷന്‍ ഉരോധമുള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് കടക്കുമെന്നും ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. പൊലീസിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ച സുബ്രഹ്മണ്യന്‍റെ മൊബൈല്‍ ഫോണ്‍ നിലവില്‍ ചേവായൂര്‍ പൊലീസ് കസ്റ്റഡിലാണ്. അടുത്ത ദിവസം ഈ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മുതിര്‍ന്ന നേതാവിനെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യുകയും പ്രതിഷേധത്തെത്തുടര്‍ന്ന് വിട്ടയച്ചതും പോറ്റി പാരഡി പാട്ട് കേസിന് സമാന തരത്തിലുള്ള പൊലീസിന്‍റെ പിന്‍മാറ്റമായെന്ന വിലയിരുത്തലും സജീവമാണ്.