വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെ ടെ രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വളാഞ്ചേരിയില്‍ കത്തി വീശി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കാപ്പ കേസ് പ്രതിയുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വളാഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്ഥിരം പ്രശ്‌നക്കാരനും നിരവധി കേസുകളില്‍ പ്രതിയുമായ ഇരിമ്പിളിയം കൊടുമുടി കണ്ണിത്തൊടി മുഹമ്മദ് ആഷിഖ് (31), ഇരിമ്പിളിയം ഇല്ലത്തുപ്പറമ്പ് വിനോദ് കുമാര്‍ (മങ്കേരി വിനു-31) എന്നിവരെയാണ് രണ്ട് കേസുകളിലായി അറസ്റ്റ് ചെയ്തത്. കൊടുമുടിക്കാവ് താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൂരകമ്മിറ്റി അംഗങ്ങളുടെ അടുത്തെത്തി ബഹളം വെക്കുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് മുഹമ്മദ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.

താലപ്പൊലി ഉത്സവം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ അന്വേഷിക്കുന്നതിനിടെയാണ് കാപ്പ കേസ് പ്രതി വിനോദ് കുമാറിനെ വളാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് രണ്ടുപേരെ ക്രൂരമായി മര്‍ദിച്ചതിന് പിടികൂടിയത്. വിനോദ് കുമാറിന് ജില്ലയില്‍ പ്രവേശിക്കുന്നതിന് തൃശൂര്‍ ഡി.ഐ.ജി സഞ്ചലന വിലക്ക് പുറപ്പെടുവിച്ചതായിരുന്നു. ആറുമാസത്തെ വിലക്ക് കഴിയും മുമ്പേ അനധികൃതമായി ജില്ലയില്‍ പ്രവേശിച്ച വിനോദ് കുമാറിനെ പിടികൂടി കാപ്പ പ്രകാരമുള്ള കേസും ചെറുപ്പക്കാരെ കത്തി വീശി മാരകമായി മര്‍ദിച്ചു കൊല്ലാന്‍ ശ്രമിച്ചതിന് 110 ബി.എന്‍.എസ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടുമിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍ സ്‌പെക്ടര്‍ നിര്‍മല്‍, എസ്.സി.പി.ഒ ആര്‍.പി. മനു, സി.പി.ഒ വിജയാനന്ദ്, ഡബ്ല്യു.സി.പി.ഒ രജിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇരുവരെയും തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.