കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു.  പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍  രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിച്ചു. പൊള്ളാച്ചിയിൽ നിന്നും പുറപ്പെട്ട ആംബുലന്‍സുകള്‍ രാവിലെ 9.15ഓടെ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെത്തി. തുടര്‍ന്ന് സ്കൂള്‍ വളപ്പിൽ പൊതുദര്‍ശനം ആരംഭിച്ചു. ഒരു മണിക്കൂറായിരിക്കും സ്കൂളിൽ പൊതുദര്‍ശനം ഉണ്ടാകുക. തുടര്‍ന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. നാടിന്‍റെ പ്രിയപ്പെട്ടവർക്ക് വിട നൽകാൻ വിദ്യാർത്ഥികളും സഹപ്രവർത്തകരും നാട്ടുകാരും സ്കൂൾ വളപ്പിലേക്ക് ഒഴുകിയെത്തുകയാണ്. 

പുലർച്ചെ നാല് മണിയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി, പൊള്ളാച്ചിയിൽ നിന്ന് പൊലീസ് അകമ്പടിയോടെയാണ് പെരിന്തൽമണ്ണയിലെത്തിച്ചത്. മരിച്ച എല്ലാവരുടെയും സംസ്കാരം ഉച്ചയ്ക്ക് മുൻപായി പൂർത്തിയാകും. മന്ത്രി വി ശിവൻകുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. 13 പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. നാലുപേര്‍ക്കാണ് പരിക്കേറ്റത്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ, വാഹനത്തിന്‍റെ ഡ്രൈവർ, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവർ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മുഹമ്മദ് ഫായിസും നൗഷാദ് അലിയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. 48 മണിക്കൂർ നിരീക്ഷണത്തിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. സഹദിൻ മുഹമ്മദിനെ വാർഡിലേക്ക് മാറ്റി. 

ഒന്‍പതുപേരുടെയും സംസ്കാരം ഇന്ന് ഉച്ചയോടെ 

പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്‍റെ (52) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക സുഹറയുടെയും (43) മകൻ ഹിഷാമിന്‍റെയും (12) സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്കാരം നടക്കും. അധ്യാപകനായ അബ്ദുൽ മജീദിന്‍റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്കാരം മാട്ടാത്ത് ഖബര്‍സ്ഥാനിൽ നടക്കും. സ്‌കൂൾ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ നടക്കും. പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിന് അടുത്തുള്ള ജിയുപി സ്കൂളിലെ അദ്ധ്യാപിക ഷക്കീനയുടെ (37) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. ഷക്കീന അടുത്തിടെയാണ് എൽപി സ്കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്.

YouTube video player