ബിജെപി പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ പരിക്കേറ്റ വട്ടിയൂർക്കാവ് എസ്എച്ച്ഒ മെഡിക്കൽ ലീവിൽ പ്രവേശിച്ചു.
തിരുവനന്തപുരം : വട്ടിയൂർക്കാവ് നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ബിജെപി പ്രതിഷേധം കനപ്പിച്ചതിന് പിന്നാലെ വട്ടിയൂർക്കാവ് എസ് എച്ച് ഒ വിപിൻ മെഡിക്കൽ ലീവിൽ പ്രവേശിച്ചു. ബിജെപിയും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ എസ് എച്ച് ഒക്കും പരിക്കേറ്റിരുന്നു. എസ് എച്ച് ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സമരം നടത്തുന്നതിനിടെയാണ് അവധിയിൽ പ്രവേശിച്ചത്.
ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചതെന്ന് ബിജെപി ആരോപിക്കുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്റെ ഭാര്യ രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരും സംഘടിച്ചു. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടർന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സ്ഥിതി നിയന്ത്രണാതീതമായി. ഒരു പൊലീസുകാരന്റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് നടത്തുകയായിരുന്നു. പ്രവർത്തകർ ചിതറിയോടിയതോടെ സംഘർഷാവസ്ഥക്ക് ശമനമുണ്ടായി. പിന്നീട് ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.


