ശബരിമല കൊടിമര നിർമ്മാണത്തിന് സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ചട്ടം ലംഘിച്ച് അഭിഭാഷക കമ്മീഷൻ സ്വർണം വാങ്ങിയെന്നും, ബാക്കി വന്ന സ്വർണത്തിന്റെ കണക്കിൽ വ്യക്തതയില്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ 19 പേരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. 27 പേരാണ് സ്വർണം നൽകിയത്. ഔദ്യോഗിക തിരക്ക് കാരണം സുരേഷ്ഗോപിയുടെ മൊഴിയെടുത്തില്ല. 22ന് ശേഷം സമയം അറിയിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നൽകിയിരുന്നു.

ശബരിമലയിൽ കൊടിമര പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിച്ച അഭിഭാഷക കമ്മീഷൻ എ.എസ്.പി.കുറിപ്പ് ചട്ടം ലംഘിച്ച് സ്വർണം സംഭാവനയായി വാങ്ങിയെന്നാണ് ദേവസ്വം വിജിലൻസിന്‍റെ കണ്ടെത്തൽ. സ്വർണം സംഭാവനയായി നൽകിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. 2017ൽ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോള്‍ ഹൈക്കോടതിയാണ് അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്. ഫീനീക്സ് ഗ്രൂപ്പാണ് കൊടിമരം സ്ഥാപിക്കാൻ മൂന്നു കോടി രൂപ നൽകിയത്. ഇതുകൂടാതെ ഭക്തരിൽ നിന്നും സ്വർണം സ്വീകരിക്കാൻ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻറായിരുന്ന ബോർഡ് തീരുമാനിച്ചിരുന്നു. 

സ്വർണം സ്വീകരിക്കേണ്ടിയിരുന്നത് എക്സിക്യൂട്ടീവ് ഓഫീസറാണ്. എന്നാൽ, അഭിഭാഷക കമ്മീഷനായ എഎസ് പി കുറുപ്പാണ് പലരിൽ നിന്നും സ്വർണം വാങ്ങിയത്. സംഭാവന കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്നും മറ്റ് ചിലയിടത്ത് ചിലരുട പേരുകളും മാത്രമാണ് രേഖപ്പെടുത്തിയത്. ബിസിനസ്സുകാരും സിനിമക്കാരും ഉള്‍പ്പെടെ പണം നൽകിയിരുന്നു. ദേവസ്വം വിജിലൻസ് മൊഴി രേഖപ്പെടുത്തിയപ്പോള്‍ 27 പേരുടെ പേരുകളും എഎസ്പി കുറുപ്പ് പറഞ്ഞിരുന്നു.

9573.01 ഗ്രാം സ്വർണമാണ് മൊത്തം കിട്ടിയത്. 9340.200 സ്വർണം കൊടിമരത്തിൽ പൂശിയശേഷം ബാക്കി വന്ന സ്വർണം എന്തു ചെയ്തുവെന്ന കാര്യത്തിൽ വ്യക്തവരുത്താൻ അന്വേഷണം വേണമെന്നായിരുന്നു ദേവസ്വം വിജിലൻസ് എസ്പി സുനിലിന്‍റെ റിപ്പോർട്ട്. സമാന കണ്ടെത്തലുമായി എസ്ഐടിയും റിപ്പോർട്ട് നൽകി. ബാക്കി വന്ന സ്വർണം താഴികകുടത്തിൽ സ്വർണം പൂശാൻ ഉപയോഗിച്ചുവെന്നാണ് അഭിഭാഷക കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുളളത്.