ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് വേണമെന്ന ഡി.സി.സി പ്രസിഡന്റിന്റെ ആവശ്യത്തെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം തള്ളി. സീറ്റ് കൈമാറ്റം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്നും, ഇത്തവണ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും ലീഗ് വ്യക്തമാക്കി.
തൃശ്ശൂർ: കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യമുന്നയിച്ചത് പോലെ ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് കൈമാറില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. സീറ്റ് കൈമാറ്റം സംബന്ധിച്ച് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നും ഗുരുവായൂരിലെ പരാജയത്തിനുള്ള കാരണം മറ്റു പലതുമാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് പ്രതികരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നും ഇത്തവണ ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫിൽ മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ പിടിക്കണമെന്ന ആവശ്യമുയർത്തി തൃശ്ശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് ആവശ്യമുന്നയിച്ചത്. ഗുരുവായൂർ നിയമസഭാ സീറ്റ് കോൺഗ്രസിന് വേണമെന്നും, സ്ഥാനാർത്ഥി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് പ്രാദേശക തലത്തിൽ ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയതോടെയാണ് വിഷയം ചർച്ചയായത്.
ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് ഡി.സി.സിയുടെ ആവശ്യം. ഈ ആവശ്യം സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചു. ദീർഘകാലമായി ലീഗിന്റെ കൈവശമുള്ള സീറ്റാണ് ഗുരുവായൂർ. മുസ്ലീം ലീഗുമായി സീറ്റ് വിഷയത്തിൽ സംസാരിക്കേണ്ടത് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


