കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ച് തിരുവനന്തപുരവും പുതുവത്സരത്തെ വരവേറ്റു. വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഒരുക്കിയ 40 അടി ഉയരമുള്ള പാപ്പാഞ്ഞിയാണ് പുതുവർഷ പുലരിയിൽ കത്തിയമർന്നത്.
തിരുവനന്തപുരം: ലോകം പുതുവത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെയാണ് ഇത്തവണ മലായാളികളും പുതുവത്സരത്തെ വരവേറ്റത്. കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്. നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ നവവത്സരം ആശംസിച്ചുകൊണ്ട് ഏഷ്യാനറ്റ് ന്യൂസും ആഘോഷത്തിൽ പങ്കുചേരുകയാണ്.
തലസ്ഥാനത്ത് കോവളമടക്കമുള്ള ഇടങ്ങളിൽ വലിയ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിച്ച വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ പാപ്പാഞ്ഞിയും 2026ന്റെ പ്രത്യേകതയാണ്. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര് പത്ത് ദിവസമെടുത്ത് തയ്യാറാക്കിയ കൂറ്റൻ പാപ്പാഞ്ഞിയാണ് തിരുവനന്തപുരത്ത് ഒരുങ്ങിയത്. 40 അടി ഉയരത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞി കുട്ടികളെ മുതൽ പ്രായമായവരെ വരെ ആകര്‍ഷിക്കുന്ന തരത്തിലായിരുന്നു രൂപകൽപ്പന.
പുതുവത്സരദിനത്തിൽ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിൻ്റെ സംഗീത വിരുന്ന് തലസ്ഥാനത്ത് അരങ്ങേറി. ഇതോടൊപ്പം ഡിജെ പാർട്ടി, ഫൂഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിരുന്നു. പുതുവര്‍ഷ പുലരിയിൽ വെടിക്കെട്ടിൻ്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിച്ചാണ് ആഘോഷങ്ങൾക്ക് താൽക്കാലിക സമപനം കുറിച്ചത്.


