പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിവേദനം കീറിയെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മറുപടിയുമായി കുറിപ്പ് നൽകിയ മഹിളാ കോണ്‍ഗ്രസ് നേതാവ് റംലത്ത്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ലഭിച്ച നിവേദനം വേദിയില്‍ വെച്ചുതന്നെ കീറിക്കളഞ്ഞെന്ന പ്രചാരണത്തിനെതിരെ, കുറിപ്പ് നൽകിയ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റംലത്ത് രംഗത്ത്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് റംലത്ത് പറയുന്ന വീഡിയോ കോണ്‍ഗ്രസ് അനുകൂലികൾ പുറത്തുവിട്ടു- 'രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രതിപക്ഷ നേതാവിന്‍റെ വിഡിയോ പ്രചരിക്കുകയാണ്. സ്ഥാനാര്‍ഥി സംഗമം എന്ന പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വി ഡി സതീശനെ ഞാന്‍ കണ്ടത്. എന്‍റെ സ്ഥലത്ത് നടക്കുന്ന ഒരു പ്രശ്നത്തെപ്പറ്റി ചെറിയൊരു നിർദേശം എനിക്ക് അദ്ദേഹത്തെ അറിയിക്കേണ്ടതുണ്ടായിരുന്നു. ഒരു ചെറിയ തുണ്ട് പേപ്പറിലെഴുതിയാണ് അത് ഞാന്‍ സാറിന് കൊടുത്തത്. ഞാന്‍ ഹാരാര്‍പ്പണം നടത്തി പോകവേയാണ് പേപ്പർ കൈമാറിയത്. സാറത് വായിക്കുന്നത് കണ്ടു. വായിച്ച ശേഷം അത് വെച്ചേക്കണ്ടല്ലോ എന്നോർത്ത് അത് കീറി നശിപ്പിച്ചു കളഞ്ഞതാണ്. എനിക്കും സാറിനും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രചാരണം എതിര്‍ കക്ഷികള്‍ നടത്തരുത്. സാറിന്‍റെ പരിപാടിയിലെ ജനപങ്കാളിത്തം കണ്ടാണ് എതിർ കക്ഷികൾ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന യാതൊരു കാര്യവും സാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല"- എന്നാണ് റംലത്ത് വീഡിയോയിൽ പറയുന്നത്.
താൻ നിവേദനം കീറിക്കളഞ്ഞെന്ന പ്രചാരണത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. കീറിക്കളഞ്ഞത് നിവേദനമല്ലെന്നും താൻ ഇടപെടേണ്ട ഒരു വിഷയമാണ് അതിൽ എഴുതിയിരുന്നതെന്നും സതീശൻ പറഞ്ഞു. താൻ മാത്രം കാണേണ്ട ഒന്നായതിനാലാണ് ആ പേപ്പർ കീറിക്കളഞ്ഞത്. 25 വർഷമായി എംഎൽഎ ആയിരിക്കുന്ന താൻ നിവേദനം കീറിക്കളയുമോ എന്നും സതീശൻ ചോദിക്കുന്നു. എകെജി സെന്ററിൽ നിന്നാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


