ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കാട കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപത്താണ് സംഭവം. രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. താക്കോൽ കൊണ്ട് ഒരാൾ രാഹുലിൻ്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു
തിരുവനന്തപുരം: ബൈക്ക് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടര്‍ന്ന് കാട്ടാക്കടയിൽ യുവാവിനെ കുത്തിക്കൊന്നു. കിള്ളി എള്ളുവിള കോളനിയിൽ രാഹുൽ(24) ആണ് മരിച്ചത്. കേസിൽ രണ്ട് പ്രതികളെ പൊലീസ് കസ്റ്റയിലെടുത്തു. കാട്ടാക്കട പനയങ്കോട് സ്വദേശി രാഹുൽ, ഇയാളുടെ സുഹൃത്ത് കിള്ളി സ്വദേശി ഉസ്മാൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി പത്തരയോടെ കിള്ളി മെഡിസിറ്റി ആശുപത്രിക്ക് സമീപം മരിച്ച രാഹുലും പ്രതികളും തമ്മിൽ തര്‍ക്കം ഉണ്ടായി.
പ്രതി രാഹുൽ സുഹൃത്തായ ബാലരാമപുരം സ്വദേശി ശ്രീക്കുട്ടന് പതിനായിരം രൂപയ്ക്ക് ബൈക്ക് വിറ്റിരുന്നു. 6000 രൂപ അഡ്വാൻസും വാങ്ങി. ബാക്കിയുള്ള 4000 രൂപക്കായി പല തവണ രാഹുൽ ശ്രീക്കുട്ടനെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരിച്ചില്ല. ഒരുതവണ സഹോദരി ഫോൺ എടുത്തപ്പോൾ രാഹുൽ ഇവരോട് മോശമായി സംസാരിച്ചു. ഈ വിവരം സഹോദരി സുഹൃത്തായ കൊല്ലപ്പെട്ട രാഹുലിനോട് പറയുകയും ഇരുവരും ഇതേ ചൊല്ലി തര്‍ക്കിക്കുകയം ചെയ്തു. ഇതിന് പിന്നാലെയാണ് ഇവർ മെഡിസിറ്റിക്ക് സമീപം ഒത്തുകൂടിയതും വലിയ സംഘർഷത്തിലേക്ക് നീങ്ങിയതും. തര്‍ക്കത്തിനിടെ രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തേറ്റു.
നാട്ടുകാർ രാഹുലിനെ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാകാം മരണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. പ്രതികളായ രാഹുൽ, ഉസ്മാൻ എന്നിവരെ കാട്ടാക്കട പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.


