വീടിന് സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.

കൊല്ലം: കൊല്ലം കുണ്ടറയ്ക്ക് സമീപം കൊച്ചുപ്ലാമൂട് വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു. 12 വയസുള്ള ആദിദേവാണ് മരിച്ചത്. വീടിന് സമീപം ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്നാണ് സംശയം. വീടിന് സമീപത്തുള്ള ഷെഡ്ഡിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്. മരിച്ച ആദിദേവിന്‍റെ അച്ഛൻ രതീഷ് കോണ്‍ക്രീറ്റ് കരാര്‍ ജോലികള്‍ ചെയ്യുന്നയാളാണ്. വീടിന് ചേര്‍ന്നുള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന വൈബ്രേറ്റര്‍ മെഷീനിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. 

ആദിദേവും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദിദേവിനെ കാണാത്തതിനെ തുടര്‍ന്ന് സഹോദരി ആര്‍ദ്ര അന്വേഷിച്ച് പോയപ്പോഴാണ് ഷെഡ്ഡിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. നാട്ടുകാരെത്തി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വൈബ്രേറ്റര്‍ മെഷീൻ തയ്യൽ മെഷീന്‍റെ പുറത്ത് വെച്ച് പ്ലഗിൽ കുത്തി സ്വിച്ച് ഓണ്‍ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. അതിനാലാണ് ഈ മെഷീൻ പ്രവര്‍ത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാകാം കുട്ടിക്ക് ഷോക്കേറ്റത് എന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്.