ആലപ്പുഴ വാടയ്ക്കൽ കടലിൽ കണ്ടെയ്നറിൽ കുടുങ്ങി മത്സ്യബന്ധന വള്ളത്തിന്റെ വല നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു
ആലപ്പുഴ: വാടയ്ക്കൽ കടലിൽ കണ്ടെയ്നറിൽ ഉടക്കി വള്ളത്തിന്റെ വല നശിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടുപറമ്പിൽ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ജീസസ് വള്ളത്തിന്റെ വലയാണ് നശിച്ചത്. ഏകദേശം 400 കിലോ വലയും വലയിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയുടെ മത്സ്യവും നഷ്ടമായി. 15ഓളം തൊഴിലാളികൾ പണിയെടുക്കുന്ന വള്ളമാണിത്. സംഭവത്തിൽ തീരദേശ പൊലീസിൽ പരാതി നൽകി.
ഒരാഴ്ച മുൻപ് അത്യുന്നതന് എന്ന വള്ളത്തിലെ വലകളും ഇതുപോലെ കീറിയിരുന്നു. തോപ്പുംപടിയില്‍ നിന്നും 20 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തവേയാണ് വള്ളത്തിന്റെ വലകള്‍ കണ്ടയ്നറില് കുടുങ്ങി കീറിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ചെല്ലാനം സ്വദേശികളുടേതാണ് വളളം. വലകളില്‍ ഉണ്ടായിരുന്ന മത്സ്യവും പൂര്‍ണമായി നഷ്ടപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി തൊഴിലാളികള്‍ പറഞ്ഞു. കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ എന്ന കപ്പലില്‍ നിന്നും കടലില്‍ പതിച്ച കണ്ടെയ്നറുകളുടെ അവശിഷ്ടങ്ങൾ മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്.


