അരൂർ എരമല്ലൂരിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ മരിച്ചു. മറ്റൊരു വാഹനമിടിച്ച് നിയന്ത്രണം വിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ട ആലപ്പുഴ സ്വദേശി ജോഷി വർഗീസ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.

അരൂർ: ദേശീയ പാതയിൽ എരമല്ലൂർ ജംഗ്ഷന്റെ വടക്ക് ഭാഗത്ത് ഉണ്ടായ അപകടത്തിൽ ടാങ്കർ ലോറിക്കടിയിൽ പെട്ട് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. ആലപ്പുഴ കൈനകരി ഈസ്റ്റ് താരംവീട്ടിൽ ജോഷി വർഗീസ് (60) ആണ് മരിച്ചത്. എറണാകുളത്ത് പ്ലംബിംഗ് ജോലികൾ ചെയ്തിരുന്ന ജോഷി, ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്. ജോഷി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ പെട്ട ഇരു വാഹനങ്ങളും ചേർത്തല ഭാഗത്തേക്കാണ് സഞ്ചരിച്ചിരുന്നത്. ജോഷി സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ജോഷി ടാങ്കർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അരൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: മിനി ജോഷി (അധ്യാപിക, കെ.ഇ കാർമൽ സ്കൂൾ, കൈനകരി). മക്കൾ: ജാസ്മിൻ, ജെയ്സി.