റഹീം പാട്ടുപാടണമെന്നും കാണികളിൽ നിന്ന് ആവശ്യമുയർന്നു. വേടന്റെ പരിപാടിക്കെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് റഹീം പറഞ്ഞു.

തിരുവനന്തപുരം: റാപ്പർ വേടനൊപ്പം വേദിയിൽ രാജ്യസഭാ എംപി എ എ റഹീം. തിരുവനന്തപുരം വെഞ്ഞാറുമൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് റ ഹീം വേദിയിൽ എത്തിയത്. കൈയടികളോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. റഹീം പാട്ടുപാടണമെന്നും കാണികളിൽ നിന്ന് ആവശ്യമുയർന്നു. വേടന്റെ പരിപാടിക്കെത്തണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് റഹീം പറഞ്ഞു. ബെം​ഗളൂരുവിൽ നിന്നാണ് വരുന്നത്. അവിടെയുള്ള 200 വീടുകൾ ബുൾഡോസറുകൾ തകർത്തു. അവിടെ ആയിരക്കണക്കിന് മനുഷ്യർ തെരുവിലുണ്ടായിരുന്നു. അവിടെ പോയിട്ട് വരുന്ന വരവാണ്. ആട്ടിയിറക്കപ്പെട്ടവർക്ക് ശബ്ദമില്ലാത വരുമ്പോൾ അവരുടെ ശബ്ദമായി മാറുന്നവനാണ് വേടൻ. ബുൾഡോസറുകൾ കേറിയിറങ്ങിപ്പോകുമ്പോൾ ശബ്ദമില്ലാതായി പോകുന്നവർക്ക് വേണ്ടിയാണ് വേടൻ പാടുന്നത്. അതുകൊണ്ടാണ് ഇവിടെ എത്തണം എനിക്ക് നിർബന്ധമുണ്ടായിരുന്നു. വേടന്റെ എന്റെ നാട്ടിൽ വെച്ച് ചേർത്തുനിർത്താൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും റഹീം പറഞ്ഞു.

കഴിഞ്ഞ ദിവസം കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സം​ഗീതപരിപാടിക്കിടെ തിക്കും തിരക്കുമുണ്ടായി നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. കുട്ടികളുൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബേക്കൽ ബീച്ച് ഫെസ്റ്റ് നടന്നുവരികയാണ്. ഇന്ന് രാത്രി എട്ട് മണിക്കാണ് വേടന്‍റെ സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഒന്നരമണിക്കൂര്‍ വൈകിയാണ് പരിപാടി ആരംഭിച്ചത്. ഈ സമയത്തിനകം തന്നെ നിരവധി ആളുകള്‍ ഇങ്ങോട്ടേക്ക് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം. മുന്നിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അവരുടെ പരിക്ക് സാരമുള്ളതല്ല.