കോഴിക്കോട് പൂനൂരില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പിടിച്ചുമാറ്റാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് നേരെ തോക്കുചൂണ്ടി ആക്രമണം. പൂനൂര്‍ സ്വദേശിയായ മുഹമ്മദ് ദില്‍ഷാനാണ് (18) താമരശ്ശേരിയിലെ സ്ഥാപന ഉടമയായ ബാസില്‍ ലത്തീഫ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടി.

കോഴിക്കോട്: പൂനൂരില്‍ വിദ്യാര്‍ത്ഥിയായ യുവാവിനെ തോക്കുചൂണ്ടി മര്‍ദ്ദിച്ചതായി പരാതി. പൂനൂര്‍ തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദില്‍ഷാ(18)ന് നേരെയാണ് ആക്രമണമുണ്ടായത്. പൂനൂര്‍ ചീനിമുക്കില്‍ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം പൂനൂര്‍ ചീനിമുക്കിലെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു ദില്‍ഷാന്‍. ഇതിനിടയില്‍ സുഹൃത്തുക്കളില്‍ ഒരാളായ ലാമിഷിനെ മറ്റൊരാള്‍ മര്‍ദ്ദിച്ചു.

താന്‍ ഇരുവരെയും പിടിച്ചുമാറ്റിയതായി ദില്‍ഷാന്‍ പറയുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഉണ്ണികുളം ഇയ്യാട് സ്വദേശിയും താമരശ്ശേരിയില്‍ 'ആല്‍ക്കിമിസ്റ്റ്' എന്ന സ്ഥാപനം നടത്തുന്നയാളുമായ ബാസില്‍ ലത്തീഫ് അരയില്‍ സൂക്ഷിച്ച തോക്ക് എടുത്ത് തനിക്ക് നേരെ ചൂണ്ടുകയും ആക്രമിക്കുകയും ചെയ്തതായി ദില്‍ഷാന്‍ പറഞ്ഞു. ആളുകള്‍ കൂടിയതോടെ ഈ സംഘം ഇവിടെ നിന്ന് മാറി. പിന്നീട് കാറില്‍ സുഹൃത്തിനൊപ്പം താമരശ്ശേരി ഓടക്കുന്നുള്ള വര്‍ക്ക്‌ഷോപ്പില്‍ ഒരാളെ കാണാനായി പോയ തന്നെ, താമരശ്ശേരി മിനി ബൈപ്പാസില്‍ വെച്ച് കണ്ട ബാസില്‍ വാഹനത്തിനടുത്തേക്ക് ഓടി വരികയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാറിന്റെ ഡോര്‍ തുറന്ന് ഇടതു വശത്തെ ചെവിയിലും തലയ്ക്കും ക്രൂരമായി അടിച്ചു. പിന്നീട് വീട്ടില്‍ എത്തി കാര്യം പറയുകയും സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടുകയുമായിരുന്നു. തോക്ക് ചൂണ്ടി ആക്രമണം നടത്തിയ ബാസിലുമായി തനിക്ക് യാതൊരു മുന്‍പരിചയവും ഇല്ലെന്നാണ് ദില്‍ഷാന്‍ പറയുന്നത്.