നിർമ്മാണത്തിലിരുന്ന എൻ എച്ച് 66-ൽ വിള്ളൽ വീണതിന് പിന്നാലെ കേരളത്തിലെ പ്രധാന പാതയായ എംസി റോഡും തകർച്ചാ ഭീഷണിയിൽ. റോഡിൽ വ്യാപകമായി വിള്ളലുകൾ രൂപപ്പെട്ടതിനെ തുടർന്ന് അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് കെഎസ്ടിപി സർക്കാരിന് റിപ്പോർട്ട് നൽകി.

കൊട്ടാരക്കര: നിർമ്മാണത്തിലിരുന്ന എൻ എച്ച് 66 റോഡിൽ കൂറ്റൻ വിള്ളൽ വീണതിന് പിന്നാലെ എംസി റോഡും തകർച്ചയിലേക്ക്. റോഡാകെ വിണ്ടു കീറാൻ തുടങ്ങി. റോഡിന് ബലക്ഷയം വ്യാപകമെന്നാണ് റിപ്പോർട്ട്. സർവേ നടത്തി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തണമെന്നും റിപ്പോർട്ടിലുണ്ട്. അറ്റകുറ്റപ്പണി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി എഞ്ചിനീയറിങ് വിഭാഗം സർക്കാരിന് കത്ത് നൽകി. റോഡ് വശങ്ങളിലെ അനിയന്ത്രിതമായ മണ്ണെടുപ്പാണ് തകർച്ചയുടെ പ്രധാന കാരണം. ഒപ്പം നീർച്ചാലുകൾ നികത്തുന്നതും റോഡ് തകരാൻ കാരണമാകുന്നു. നീർച്ചാലുകൾ നികത്തുന്നതും വശങ്ങളിലെ കുന്നുകൾ ഇടിച്ചു നിരത്തുന്നതുമാണ് മഴക്കാലത്ത് എംസി റോഡ് വെള്ളക്കെട്ടാകുന്നതിന് പിന്നിൽ എന്നാണ് റിപ്പോർട്ടിൽ ഉള്ളത്. മഴവെള്ളം റോഡിൽ കെട്ടിനിൽക്കുന്നതും റോഡിന്റെ തകർച്ചയിലേക്ക് നയിക്കുന്നു. അഞ്ചുവർഷം മുമ്പ് നവീകരിച്ച റോഡിന്റെ, കാലാവധി കഴിഞ്ഞതോടെ പലയിടത്തും കുഴികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സുരക്ഷിത ഇടനാഴി പദ്ധതി ഈ റോട്ടിലും നടപ്പാക്കിയിരുന്നു. കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെയുള്ള റോഡാണ് കെഎസ്ടിപി നിയന്ത്രണത്തിൽ ഉളളത്.