തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ബാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ ആലപ്പുഴ സ്വദേശിയായ നിതിൻ നിസാർ എന്നയാൾ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം നാലായി. നേരത്തെ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിതിന്‍റെ പങ്ക് വ്യക്തമായത്.
തിരുവനന്തപുരം:കിഴക്കേക്കോട്ടയിലെ ബാറിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കടന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലപ്പുഴ തുമ്പോളി സ്വദേശി നിതിൻ നിസാർ (21) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ പാൽകുളങ്ങര സ്വദേശി ഉണ്ണി (24) കോട്ടയം വൈക്കം സ്വദേശി ജിനു ബേബി (28) ആലപ്പുഴ സ്വദേശി വിനീത് കെ.വി (19) എന്നിവർ നിലവിൽ റിമാൻഡിലാണ്. മോഷണം പോയ ബൈക്ക് നേരത്തെ തന്നെ പൊലീസ് കണ്ടെടുത്തിരുന്നു.
ഒന്നാം പ്രതിയായ ഉണ്ണി ബാറിന്‍റെ പാർക്കിങ് ഏരിയയിൽ നിന്നും ജീവനക്കാരന്‍റെ ബൈക്ക് ലോക്ക് പൊട്ടിച്ച് ഉരുട്ടി പുറത്തിറക്കി കിഴക്കേകോട്ട ഭാഗത്ത് എത്തിച്ച് രണ്ടാം പ്രതിയായ ജിനു ബേബിക്ക് നൽകുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ചോദിച്ചപ്പോൾ പെട്രോൾ തീർന്നെന്ന് പറഞ്ഞാണ് ഇയാൾ വാഹനവുമായി കടന്നത്. പിന്നാലെ ജിനുവിന് വാഹനം കൈമാറിയ ഉണ്ണി പണവുമായി മടങ്ങി. ജിനു വാഹനം അട്ടക്കുളങ്ങര ഭാഗത്തെ സ്ക്രാപ് കടയിൽ വിറ്റെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നാലെയാണ് വിനീതിന്‍റെ കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയത്. വിനീതിന്‍റെ വീട്ടിൽ നിന്നും ബൈക്ക് കണ്ടെത്തുകയായിരുന്നു. വിനീതിനെ ചോദ്യം ചെയ്തപ്പോഴാണ് നിതിന്‍റെ പങ്ക് വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


