എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ സ്വകാര്യ കമ്പനിയുടെ വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ത്ത് കൊണ്ടുപോവുകയായിരുന്നു.

കാസർകോട്:കാസർകോട് ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിൽ റാംജിനഗർ ഗ്യാങ്ങിലെ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പളളി സ്വദേശി അറുമുഖൻ എന്ന കിട്ടുവിനെ ആണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടിയത്. ഇയാൾ റാംജിനഗർ കവർച്ച ഗ്യാങ്ങിലെ അംഗമെന്ന് പൊലീസ് പറയുന്നു. മറ്റൊരു കേസിൽ റായ്പൂരിൽ പൊലീസ് ഇയാളെ പിടികൂടിയിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ആണ് കേരള പൊലീസ് വലയിലാക്കിയത്.

വാഹനങ്ങൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. 2024 മാർച്ച്‌ 27നായിരുന്നു കവർച്ച.രണ്ടുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 2024 മാർച്ച്‌ 27 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഉപ്പളയിലെ കവര്‍ച്ച നടക്കുന്നത്. എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ട് വന്ന അരക്കോടി രൂപ സ്വകാര്യ കമ്പനിയുടെ വാഹനത്തിന്‍റെ ഗ്ലാസ് തകര്‍ത്ത് കൊണ്ടുപോവുകയായിരുന്നു. പിന്നില്‍ മൂന്നംഗ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കേസുമായി ബന്ധപ്പെട്ട് നൂറിലധികം സുരക്ഷാ ക്യാമറകള്‍ ആണ് അന്ന് അന്വേഷണ സംഘം പരിശോധിച്ചത്. ഉപ്പള നഗരത്തിലെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം