പള്ളിത്തോട്ടത്ത് പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. സംഭവത്തിൽ ഗ്രേഡ് എസ്ഐക്ക് തലയ്ക്ക് പരിക്കേറ്റു. കെഎസ്‌യു ജില്ലാ നേതാവ് ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.

കൊല്ലം: പെട്രോളിംഗിനിടെ പരസ്യ മദ്യപാനം ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പള്ളിത്തോട്ടം ഗലീലിയൊ കോളനിക്ക് സമീപത്താണ് സംഭവം പള്ളിത്തോട്ടം പോലീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ക്രിസ്മസ് ന്യൂയർ പ്രമാണിച്ച് തീരദേശ മേഖലയിലടക്കം പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തീരദേശം വഴി പോകുമ്പോഴാണ് ഗ്രേഡ് എസ്ഐ രാജീവ്, എഎസ്ഐ ശ്രീജിത്ത് എന്നിവർക്ക് നേരെ ആക്രമണമുണ്ടായത്.

റോഡിൽ പരസ്യ മദ്യപാനം ചോദ്യം ചെയ്തതോടെ കെഎസ്.യു ജില്ലാ നേതാവ് ടോജിൻ ഉൾപ്പടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗ്രേഡ് എസ്ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു. അക്രമി സംഘത്തിലുണ്ടായിരുന്ന ടോജിൻ, മനു, വിമൽ, സഞ്ചയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2 പ്രതികൾ രക്ഷപെട്ടു. ഒളിവിൽ പോയവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.