സ്കൂൾ ബാഗിൽ കയറിയ വെള്ളിക്കെട്ടൻ പാമ്പ് ബുക്ക് എടുക്കാൻ നോക്കിയ 17കാരനെ ആക്രമിക്കുകയായിരുന്നു.
തഞ്ചാവൂർ : സ്കൂൾ ബാഗിൽ നിന്ന് ബുക്ക് എടുക്കുന്നതിനിടെ പുറത്ത് ചാടിയത് വെള്ളിക്കെട്ടൻ. 17കാരന്റെ ജീവന് വേണ്ടിയുള്ള പ്രാർത്ഥനകൾ പാഴായി. ഒരാഴ്ച നീണ്ട ചികിത്സയ്ക്കൊടുവിൽ കുട്ടി യാത്രയായി. കഴിഞ്ഞ ആഴ്ചയാണ് തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപത്തെ തിരുവാരൂരിൽ സ്കൂളിൽ വച്ച് 17കാരനായ എം ശിവപ്രകാശം എന്ന കുട്ടിക്ക് പാമ്പ് കടിയേറ്റത്. സ്കൂൾ ബാഗിൽ കയറിയ വെള്ളിക്കെട്ടൻ പാമ്പ് ബുക്ക് എടുക്കാൻ നോക്കിയ 17കാരനെ ആക്രമിക്കുകയായിരുന്നു. അരിതുവാരമംഗലം സർക്കാർ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് ഫെബ്രുവരി നാലിന് പാമ്പ് കടിയേറ്റത്. കോമൺ ക്രെയിറ്റ് അഥവ വെള്ളിക്കെട്ടൻ എന്ന മാരക വിഷമുള്ള പാമ്പാണ് ശിവപ്രകാശത്തിന്റെ ബാഗിൽ കയറിക്കൂടിയത്.
പാമ്പിന്റെ കടിയേറ്റ് നിലവിളിച്ച 17കാരനെ അധ്യാപകർ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും ശിവപ്രകാശം ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്കൂളിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ഇതിനോടകം സ്കൂളിന്റെ സുരക്ഷിതത്വത്തിൽ സംശയവുമായി ശിവപ്രകാശത്തിന്റെ മാതാപിതാക്കൾ എത്തിയിട്ടുണ്ട്. ക്ലാസ് മുറിയിൽ പാമ്പ് എത്തിയത് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിലുണ്ടാവുന്ന പാമ്പുകടി മരണങ്ങളിൽ 90 ശതമാനത്തിലും പ്രതിസ്ഥാനത്തുള്ളത് വെള്ളിക്കെട്ടൻ എന്ന കോമൺ ക്രെയിറ്റ് ആണ്.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശവാസിയായ ഉയർന്ന വിഷമുള്ള പാമ്പാണ് വെള്ളിക്കെട്ടൻ അഥവാ ശംഖുവരയൻ. ഇവയുടെ വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ എന്ന വിഭാഗത്തിലെ രാസപദാർഥം അതീവമാരകമാണ്. കടിയേറ്റാൽ കാഴ്ച്ച മങ്ങൽ, ഓർമ്മക്കുറവ്, മരവിപ്പ്, ഓക്കാനം, ഛർദ്ദി, തുടർന്ന് ബോധക്ഷയവും, ചികിത്സ ലഭിച്ചില്ലെങ്കിൽ മരണവും സംഭവിക്കാം. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതു മൂലമുള്ള മരണനിരക്ക് 70 ശതമാനം മുതൽ 80 ശതമാനം വരെയാണ്.


