കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ തമ്മില്‍ കൈയാങ്കളിയുണ്ടാവുകയും സംഘര്‍ഷത്തില്‍ ഒരാളുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുറിവില്‍ നിന്നുണ്ടായ രക്തം ഇപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തളം കെട്ടിക്കിടക്കുകയാണ്.

കോഴിക്കോട്: ബസ് കാത്തിരിപ്പ് കേന്ദ്രം മദ്യപസംഘത്തിന്റെയും സാമൂഹ്യവിരുദ്ധരുടെയും താവളമായതോടെ പൊറുതിമുട്ടി നാട്ടുകാര്‍. കോഴിക്കോട് നന്‍മണ്ട കൂളിപ്പൊയിലിലെ തണല്‍ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് മദ്യപാനികളുടെയും മയക്കുമരുന്ന് ലോബികളുടെയും താവളമായിരിക്കുന്നത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വെയിലേറ്റ് ബസ് സ്റ്റോപ്പിന് പുറത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇക്കൂട്ടര്‍ തമ്മില്‍ കൈയാങ്കളിയുണ്ടാവുകയും സംഘര്‍ഷത്തില്‍ ഒരാളുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുറിവില്‍ നിന്നുണ്ടായ രക്തം ഇപ്പോഴും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തളം കെട്ടിക്കിടക്കുകയാണ്. കൂടാതെ ഇവിടെ മൂത്രമൊഴിച്ചുവെക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസ് സ്റ്റോപ്പ് പരിസരമാകെ ദുര്‍ഗന്ധമാണ്. നേരത്തെ ഉപ്പക്കുനി ഭാഗത്ത് പൂട്ടിയിട്ട വീട് കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവമുണ്ടായിരുന്നു. വിഷയത്തില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.