പള്ളിയിലെ ജീവനക്കാരിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് പാലക്കാട് രജിസ്ട്രേഷനുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു. അതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
കോഴിക്കോട്: കോഴിക്കോട് കോൺവെന്റ് റോഡിൽ പള്ളിവളപ്പിൽ ആറ് മാസം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞിന്റെ ഭ്രൂണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കോൺവെന്റ് റോഡിൽ ചർച്ച് ഓഫ് ഗോഡ് പള്ളിയുടെ കോമ്പൗണ്ടിലാണ് ആറ് മാസം വളർച്ചയെത്തിയ, ഭ്രൂണാവസ്ഥയിലുള്ള ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തീര്‍ത്ഥാടക സംഘത്തിൽപെട്ട കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ എന്ന സ്ത്രീയുടെ കുഞ്ഞാണിതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്ധ്യയോടെയാണ് സംഭവം. പൊലീസ് ഈ ഭ്രൂണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള തീര്‍ത്ഥാടക സംഘത്തിന്റെ ബസിനുള്ളിലാണ് യുവതി പ്രസവിച്ചത്. പള്ളിയുടെ സമീപം ബസ് നിര്‍ത്തുകയും കോമ്പൌണ്ടിൽ ഭ്രൂണം ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭ്രൂണം ഉപേക്ഷിച്ചയാളെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. യുവതി വിവാഹിതയും ഒന്നരവയസുളള കുട്ടിയുമുള്ളയാളാണെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് പ്രസവ വേദന വന്നെന്നും പേടി കാരണമാണ് ഭ്രൂണം ഉപേക്ഷിച്ചതെന്നുമാണ് യുവതിയുടെ മൊഴി. എന്നാൽ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. യുവതിയെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യുവതി ചികിത്സയിലാണുള്ളത്.
