വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ് എത്തി. ഏകദേശം 350 കിലോ ഭാരമുള്ള സ്രാവിന് ലേലത്തിൽ 83,000 രൂപ ലഭിച്ചു. സ്രാവിൻ്റെ വിവിധ ഭാഗങ്ങൾ മരുന്ന് നിർമ്മാണത്തിനും മറ്റുമായി ഉപയോഗിക്കുന്നു.
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് വീണ്ടും കൂറ്റൻ അച്ചിണി സ്രാവ് എത്തി. ഈ വർഷം ഇതുവരെ വിഴിഞ്ഞത്ത് പത്തോളം കൂറ്റൻ സ്രാവുകളാണ് എത്തിയത്. വളരെ ശ്രമപ്പെട്ടാണ് മത്സ്യ തൊഴിലാളികൾ ഇവയെ കരയ്ക്ക് എത്തിക്കുന്നത്. വിദേശ മാർക്കറ്റുകളിൽ വൻ ഡിമാൻ്റാണ് സ്രാവിനുള്ളത്. തിരുവനന്തപുരത്ത് ഇവ ഭക്ഷണത്തിനായി എടുക്കില്ലെങ്കിലും വടക്കൻ ജില്ലക്കാർ ഭക്ഷണത്തിൽ ഉൾപ്പെടുത്തും. ഇവയുടെ ചിറകുകൾ ഉണക്കി മരുന്നു നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഇവയുടെ നെയ്യ് മീനെണ്ണ ഗുളിക നിർമ്മാണത്തിനും പല്ലുകൾ ഫാൻസി മാലകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ടെന്നും മത്സ്യ തൊഴിലാളികൾ പറയുന്നു. ഏകദേശം 350 കിലോയോളം ഭാരമുള്ള സ്രാവ് 83000 രൂപയ്ക്കാണ് ലേലത്തിൽ പോയത്.ഇതിനെ കാണാനും ചിത്രങ്ങൾ പകർത്താനും വിഴിഞ്ഞത്തെത്തിയത് നിരവധി പേരാണ്.


