കോഴിക്കോട് പുതുപ്പാടിയിൽ കലമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം സ്വദേശി അബ്ദുൾ സമദാണ് പിടിയിലായത്, ഇയാളിൽ നിന്ന് കലമാൻ്റെ ഇറച്ചിയും കണ്ടെടുത്തു.
കോഴിക്കോട്: വേട്ടയാടിപ്പിച്ച കലമാനുകളും തോക്കും കലമാന്‍റെ ഇറച്ചിയുമായി യുവാവിനെ ഫോറസ്റ്റ് സംഘം പിടികൂടി. കോഴിക്കോട് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചില്‍പ്പെട്ട പുതുപ്പാടിയിലാണ് സംഭവം. മലപ്പുറം കരുവാരക്കുണ്ട് ഇയ്യമടത്തില്‍ അബ്‍ദുൾ സമദിനെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് സംഘം പിടികൂടിയത്. സംഘത്തില്‍പ്പെട്ട കരുവാരക്കുണ്ട് സ്വദേശി ഖലീല്‍, ഈങ്ങാപ്പുഴ ചോയിയോട് മുഹമ്മദ് റാഫി, ഈങ്ങാപ്പുഴ സ്വദേശി നൗഫല്‍ എന്നിവര്‍ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുകളുമായി ഓടി രക്ഷപ്പെട്ടു.
പുതുപ്പാടി കൊളമല വനത്തില്‍ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30 മുതല്‍ വനപാലകര്‍ നടത്തിയ തിരച്ചിലിലാണ് അബ്‍ദുൾ സമദ് പിടിയിലാകുന്നത്. വെടിയേറ്റ നിലയിലുള്ള ഒരു മാന്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മറ്റൊരു മാനിനെ ഇറച്ചിയാക്കിയ നിലയിലും കണ്ടെത്തി. നായാട്ട് സംഘം റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്നുമാണ് മാനിന്‍റെ ഇറച്ചി കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ചതായി കരുതുന്ന മറ്റൊരു കാറിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ കാറിലാണ് ഖലീലും മുഹമ്മദ് റാഫിയും നൗഫലും രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്.


