രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജോലികൾ വൈകുന്നേരത്തോടെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെ  മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായും താഴേക്ക് പതിക്കുകയുമായിരുന്നു.

ഹരിപ്പാട്: കാർത്തികപ്പള്ളി ഐഎച്ച്ആർഡി കോളജിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ് തൊഴിലാളിക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. നിർമാണത്തിലിരുന്ന പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് തകർന്നു വീണത്. സംഭവത്തിൽ നിർമാണ ജോലിയിലേർപ്പെട്ടിരുന്ന മലയാളി തൊഴിലാളിക്കാണ് പരിക്കേറ്റത്. നാല് ക്ലാസ് മുറികൾ, രണ്ട് സ്റ്റെയർകേസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റാഫ് റൂം എന്നിവയുൾപ്പെടുന്ന ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് നടന്നിരുന്നത്. തിരുവനന്തപുരം സ്വദേശിയായ കരാറുകാരനാണ് നിർമാണ ചുമതല. 

രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ജോലികൾ വൈകുന്നേരത്തോടെ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. വൈബ്രേറ്റർ ഉപയോഗിച്ച് കോൺക്രീറ്റ് ഉറപ്പിക്കുന്നതിനിടെ ബീമിന് സ്ഥാനചലനം സംഭവിക്കുകയും താങ്ങുകൾ തെറ്റി മേൽക്കൂരയുടെ ഒരു ഭാഗം പൂർണമായും താഴേക്ക് പതിക്കുകയുമായിരുന്നു. മേൽക്കൂര തകർന്നു വീഴുമ്പോൾ താഴെ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിൽ രണ്ട് തുന്നലുകളുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. 

അപകടസമയത്ത് പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്പർവൈസർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. വിവരമറിഞ്ഞതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരായ എക്സിക്യൂട്ടീവ് എൻജിനീയറും ഓവർസീയറും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തെത്തുടർന്ന് കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. തകർന്നു വീണ ഭാഗത്തെ കമ്പികൾ മുറിച്ചുമാറ്റി പുതിയ ബീമുകൾ സ്ഥാപിച്ച ശേഷം വീണ്ടും കോൺക്രീറ്റ് ചെയ്യാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. നിർമാണത്തിലെ പിഴവാണോ അപകടത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്.