രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ. ജീവപര്യന്തം കോൺഗ്രസുകാരനായി തുടരുമെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം: രാഷ്ട്രീയ മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ. തന്റെ രാഷ്ട്രീയവും ചരിത്രവും വ്യക്തമാക്കിക്കൊണ്ട് പങ്കുവെച്ച വൈകാരിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് പറഞ്ഞത്. പാർട്ടി സീറ്റ് നൽകിയപ്പോൾ അഹങ്കരിച്ചിട്ടില്ലെന്നും നൽകാത്തപ്പോൾ ഇല പൊഴിയുന്ന ശബ്ദം പോലും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
ജീവപര്യന്തം കോൺഗ്രസുകാരനായി തുടരുമെന്നും മരിക്കുന്നതിന് മുമ്പ് അവസാനമായി കാണേണ്ടത് മൂവർണ്ണക്കൊടിയാണെന്നും അദ്ദേഹം പറഞ്ഞു. വക്കീൽ പണി എടുത്താണ് ഇതുവരെ ജീവിച്ചത്. ആരുടെയും ഔദാര്യമോ കൈമടക്കോ പറ്റിയിട്ടില്ല. കൂലിപ്രസംഗികനായിട്ടില്ല. ജീവിത പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക ഭദ്രത ഇല്ലാതായെങ്കിലും ആരെയും പറ്റിച്ച് ജീവിച്ചിട്ടില്ലെന്നും ഷഫീർ വ്യക്തമാക്കി.
തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ ആരും വിലപേശണ്ടെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി. "പാർട്ടിക്ക് പ്രതിസന്ധിയുണ്ടായാൽ പ്രതിരോധിക്കാൻ ആദ്യ വരിയിൽ താനുണ്ടാകും. തന്റെ ഏക സമ്പാദ്യം ഓരോ തെരുവിലും തന്നെ കെട്ടിപ്പിടിക്കാൻ ഓടിയെത്തുന്ന ആയിരങ്ങളാണ്," അദ്ദേഹം പറഞ്ഞു. എല്ലാം ദൈവവിധിയിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. മൂവാറ്റുപുഴയിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരോടൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.


