'അസാധ്യമായി ഒന്നുമില്ല' എന്ന വാചകം തന്റെ ഓഫീസ് ചുമരിൽ എഴുതിവെച്ച്, കൃഷ്ണകുമാർ ജീവിതത്തോട് പോരാടി. ഇന്ന് കണ്ണുകൾ കൊണ്ട് പുസ്തകം രചിച്ചാണ് ആറാം മാസത്തിൽ പിടിപെട്ട അപൂർവ രോഗത്തോട് പോരാടി കൃഷ്ണകുമാർ ചരിത്രം സൃഷ്ടിച്ചത്
ചക്രക്കസേരയിൽ ജീവിതം മുഴുവൻ ബന്ധിക്കപ്പെട്ടിട്ടും, ജീവിതത്തോട് തോൽക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച കൃഷ്ണകുമാർ എന്ന യുവാവിന്‍റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്നതാണ്. കൊല്ലം ചവറയിലെ ഈ 40 കാരൻ, സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് 2 എന്ന അപൂർവ ജനിതകരോഗത്തിന് മുന്നിൽ തോൽക്കാൻ മനസില്ലാതെ നടത്തിയ പോരാട്ടത്തിന് കയ്യടിക്കുകയാണ് ഏവരും. ആറുമാസം മാത്രം പ്രായമുള്ളപ്പോൾ ആണ് കൃഷ്ണകുമാറിന് ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരീരത്തിന്റെ മസിലുകൾ ക്രമേണ ദുർബലമാകുന്ന ഈ രോഗം കൃഷ്ണകുമാറിന്‍റെ വളർച്ചക്ക് ഒപ്പം വളരുകയായിരുന്നു. ഇന്ന് കണ്ണുകളും നാവും മാത്രമേ സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയൂ എന്ന അവസ്ഥയിലാണ്. എങ്കിലും 'അസാധ്യമായി ഒന്നുമില്ല' എന്ന വാചകം തന്റെ ഓഫീസ് ചുമരിൽ എഴുതിവെച്ച്, കൃഷ്ണകുമാർ ജീവിതത്തോട് പോരാടി. ഇന്ന് കണ്ണുകൾ കൊണ്ട് പുസ്തകം രചിച്ചാണ് ആറാം മാസത്തിൽ പിടിപെട്ട അപൂർവ രോഗത്തോട് പോരാടി കൃഷ്ണകുമാർ ചരിത്രം സൃഷ്ടിച്ചത്.
കൃഷ്ണകുമാറിന്‍റെ ജീവിതം ഇങ്ങനെ
ജീവിതം കീഴ്മേൽ മറിച്ചൊരു വാഹനാപകടത്തിൽ അച്ഛനെയും ഇളയ സഹോദരിയെയും നഷ്ടപ്പെട്ടിട്ടും, അമ്മ ശ്രീലതയുടെയും സുഹൃത്തുക്കളുടെയും പിൻബലത്തിൽ കൃഷ്ണകുമാർ മുന്നോട്ട് പോയി. ഐ ട്രാക്കിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ണുകൾ കൊണ്ട് എഴുതിയാണ് കൃഷ്ണകുമാർ ശ്രദ്ധേയനാകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ സജീവ സ്റ്റോറി ടെല്ലറാണ് ഈ യുവാവ്. മസ്കുലാർ ഡിസ്ട്രോഫി ബാധിതർക്കായി രൂപീകരിച്ച മൈൻഡ് ട്രസ്റ്റിന്റെ വൈസ് ചെയർമാൻ കൂടിയായ അദ്ദേഹം. ഭിന്നശേഷിക്കാർക്കായി "ഒരിടം" എന്ന പുനരധിവാസ കേന്ദ്രം സ്വപ്നം കാണുന്നു. 2018 ലെ സ്റ്റേറ്റ് യൂത്ത് ഐക്കൺ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയ ഈ യുവാവിന്റെ നിശ്ചയദാർഢ്യം ഹൃദയസ്പർശിയാണ്.
'നൂറ്റാണ്ടിന്റെ നടകളിൽ'
അടുത്തിടെ പ്രസിദ്ധീകരിച്ച 'നൂറ്റാണ്ടിന്റെ നടകളിൽ' എന്ന പുസ്തകത്തിലൂടെ കൃഷ്ണകുമാർ തന്റെ ഏറ്റവും വലിയ യാത്രയാണ് കൃഷ്ണകുമാർ പങ്കുവെച്ചിട്ടുള്ളത്. ചവറയിൽ നിന്നാരംഭിച്ച് ആര്യങ്കാവ്, തെങ്കാശി, മധുര, തഞ്ചാവൂർ, രാമനാഥപുരം, ധനുഷ്കോടി, രാമേശ്വരം എന്നിവിടങ്ങളിലൂടെയുള്ള ഈ യാത്ര, ചക്രക്കസേരയിലിരുന്ന് താണ്ടിയ പുതിയ ദൂരങ്ങളുടെ കഥയാണ്. ചോള-പാണ്ഡ്യ-പല്ലവ രാജവംശങ്ങളുടെ ചരിത്രശേഷിപ്പുകൾ നിരീക്ഷിച്ച്, മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ശില്പഭംഗി മുതൽ തഞ്ചാവൂർ ബൃഹദീശ്വരർ ക്ഷേത്രത്തിന്റെ ഐതിഹ്യം വരെ വിവരിക്കുന്നു. എ പി ജെ. അബ്ദുൾ കലാമിന്റെ നാട് സന്ദർശിച്ച ആഹ്ളാദവും പുസ്തകത്തിൽ നിറയുന്നു.
കൃഷ്ണകുമാറിന്റെ യാത്ര വിനോദമല്ല, വിജ്ഞാനത്തിന്റെയും ഊർജത്തിന്റെയും തിരിച്ചറിവാണ്. തമിഴ്നാട്ടിലെ അമർ സേവാ സംഘം പോലുള്ള പുനരധിവാസ കേന്ദ്രങ്ങൾ കണ്ട്, കേരളത്തിലും ഇത്തരമൊരു സ്ഥാപനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു. രോഗത്തിന്റെ പരിമിതികൾക്കിടയിലും സാംസ്കാരിക സമ്മേളനങ്ങളിലും സാഹിത്യസദസ്സുകളിലും സജീവസാന്നിധ്യമാകുന്ന കൃഷ്ണകുമാർ, ഓരോ യാത്രയിലും മനസ്സിനെ വലുതാക്കുകയാണ്. ഈ അസാധാരണ മനുഷ്യന്റെ കഥ നമ്മോട് പറയുന്നത്, പ്രതിസന്ധികൾക്ക് മുന്നിൽ തോറ്റുപോകരുതെന്നാണ്. ചക്രക്കസേരയിൽ നിന്ന് ലോകം കീഴടക്കുന്ന കൃഷ്ണകുമാറിന്റെ ജീവിതം, ഓരോരുത്തരെയും പ്രചോദിപ്പിക്കുന്നതാണ്.


