2008-2009 ൽ കെഎസ്ഇബിയും എച്ച്എംടി മാനേജ്മെന്റുമായി ധാരണയിലെത്തിയിരുന്നു. ധാരണ പ്രകാരം 14 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നതിൽ 10 കോടി അടച്ചാൽ കണക്കുകൾ തീർക്കാമെന്നായിരുന്നു ധാരണ.

കൊച്ചി: 30 കോടിയോളം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബി കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ എച്ച്എംടി കളമശ്ശേരി യൂണിറ്റിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്. ഇതോടെ യൂണിറ്റിലെ ഉത്പാദനം പൂർണമായും നിലച്ചു. 2008–2009 കാലഘട്ടത്തിൽ കെഎസ്ഇബിക്ക് എച്ച്എംടി നൽകാനുണ്ടായിരുന്നത് 14 കോടി രൂപയായിരുന്നു. ഇതിൽ എട്ട് കോടി രൂപ ഇതിനകം അടച്ചിട്ടുണ്ടെങ്കിലും, ബാക്കി ആറ് കോടി രൂപയ്ക്കൊപ്പം പലിശയും പിഴ പലിശയുമുൾപ്പെടെ ഏകദേശം 30 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ എച്ച്എംടിക്ക് പലതവണ നോട്ടീസ് അയച്ചിരുന്നു.

2008-2009 ൽ കെഎസ്ഇബിയും എച്ച്എംടി മാനേജ്മെന്റുമായി ധാരണയിലെത്തിയിരുന്നു. ധാരണ പ്രകാരം 14 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നതിൽ 10 കോടി അടച്ചാൽ കണക്കുകൾ തീർക്കാമെന്നായിരുന്നു ധാരണ. തുക മുഴുവനായും അടച്ചില്ലെങ്കിൽ അഞ്ച് ഏക്കർ ഭൂമി കെഎസ്ഇബിക്ക് വിട്ട് നൽകണമെന്നുമായിരുന്നു ധാരണ. ഈ അഞ്ച് ഏക്കർ ഭൂമിക്ക് വിലയായി രണ്ട് കോടി രൂപ നിശ്ചയിക്കുകയും ചെയ്തു. ധാരണ പ്രകാരമുളള 10 കോടി രൂപയിൽ എട്ട് കോടി രൂപ അടയ്ക്കുകയും ചെയ്തു. സ്ഥല വിലയായി നിശ്ചയിച്ച രണ്ട് കോടി രൂപ അടച്ചില്ല. എന്നാൽ, സ്ഥലം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നിലനില്ക്കുന്നതിനാൽ ഭൂമി വിട്ട് നൽകാനും കഴിഞ്ഞില്ല. എച്ച്എംടി മാനേജ്മെന്റിന്റെ കണക്ക് പ്രകാരം രണ്ട് കോടി രൂപ മാത്രമാണ് കുടിശ്ശികയായി ബാക്കിയുള്ളു. 

വൈദ്യുതി വിച്ഛേദിച്ചതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഓർഡറുകൾ കൃത്യസമയത്ത് ഉത്പാദിപ്പിച്ച് നൽകാനാവില്ലെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. കമ്പനിയിൽ ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്ന സമയമാണിത്. വിവിധ സ്ഥാപനങ്ങളുമായുള്ള കരാർ പ്രകാരം ഉത്പന്നങ്ങൾ മാർച്ച് 31-ന് അകം നൽകണം. എന്നാൽ, ഇനി ഇതെല്ലാം മുടങ്ങുമെന്നും ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. കംപ്യൂട്ടറൈസ്ഡ് ലെയ്ത്, നേവൽ ഷിപ്പുകൾക്ക് ആവശ്യമായ ഡയറക്ടിംഗ് ഗിയർ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന യൂണിറ്റാണ് കളമശ്ശേരിയിലേത്. 117 സ്ഥിരം ജീവനക്കാരും 300-ഓളം കരാർ ജീവനക്കാരുമാണ് യൂണിറ്റിലുളളത്.