ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ ദുരന്തനിവാരണ കേന്ദ്രത്തിന്റെ കോൺക്രീറ്റ് നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം ഉപയോഗിച്ചത് നാട്ടുകാർ തടഞ്ഞു. അധികൃതർ ഇടപെട്ട് പണി നിർത്തിവെപ്പിക്കുകയും കെട്ടിടത്തിന്റെ ബലപരിശോധന നടത്തുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
കൊല്ലം: ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്തെ ദുരന്തനിവാരണ കേന്ദ്രത്തിന്റെ കോൺക്രീറ്റ് നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത് നാട്ടുകാർ. പ്രദേശവാസികൾ സംഘടിച്ച് നിർമ്മാണ പ്രവർത്തികൾ തടഞ്ഞുവച്ചു. കഴിഞ്ഞദിവസമാണ് സംഭവം. കായലിൽ മോട്ടോർ സ്ഥാപിച്ച് വെള്ളമെടുത്താണ് കോൺക്രീറ്റ് മിക്സിങ് യന്ത്രത്തിലേക്ക് എത്തിച്ചത്. ദുരന്തനിവാരണ കേന്ദ്രം നിർമിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച വാർഫിന്റെ ഭാഗത്താണ് കായലിൽ മോട്ടോർ സ്ഥാപിച്ചത്.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഉപ്പുവെള്ളം ആണെന്ന് കൃത്യമായി ബോധ്യപ്പെട്ടിട്ടും നിർമ്മാണം നിർത്തിവയ്ക്കാതെ മുന്നോട്ടുപോയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. നിർമ്മാണം തടഞ്ഞു വെച്ച ഇവർ പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു. ഒടുവിൽ തെറ്റു പറ്റിയതായി കരാർ കമ്പനി പ്രതിനിധി സമ്മതിച്ചതാണ് വിവരം. ഹാർബർ എൻജിനീയറിങ് വകുപ്പ് ചുമതലപ്പെടുത്തിയ സൈറ്റ് സൂപ്പർവൈസറും സ്ഥലത്തുണ്ടായിരുന്നു.
നിർമ്മാണ പ്രവർത്തികൾക്കായി പണം നൽകി വെള്ളം വാങ്ങിയിരുന്നെങ്കിലും തിങ്കളാഴ്ച വൈദ്യുതടസം ഉണ്ടായതിനെ തുടർന്ന് വെള്ളമെടുക്കാൻ സാധിച്ചിരുന്നില്ല ഇതിനാലാണ് കായലിലെ വെള്ളം ഉപയോഗിച്ചതെന്നുമാണ് കരാർ കമ്പനി പ്രതിനിധികളുടെ ന്യായവാദം. പക്ഷേ മോട്ടോർ ദിവസങ്ങളിലായി കായലിട്ടത് കണ്ടതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇത് കോൺക്രീറ്റ് നിർമ്മാണ ജോലികൾക്കല്ല മറിച്ച് മണ്ണ് ഉറപ്പിക്കുന്നതിന് വേണ്ടി വെള്ളമെടുക്കാനെന്ന് കമ്പനി അധികൃതർ പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ ശക്തികുളങ്ങര പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിർമ്മാണം തടഞ്ഞുവെക്കണമെന്നും നിർമ്മാണം നിർമ്മാണ പ്രവർത്തികളിൽ വീഴ്ചവരുത്തിയതിൽ കമ്പനിക്കെതിരെ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യം ഉയർത്തി. ആശങ്ക ഒഴിവാക്കാൻ കെട്ടിടത്തിന്റെ ബലപരിശോധന നടത്തുമെന്ന് സ്ഥലത്തെത്തിയ ഹാർബർ എൻജിനീയറിങ് വിഭാഗം എ എക്സ് ഇ ഷിബു വ്യക്തമാക്കി. സൈറ്റ് സൂപ്പർവൈസർക്കെതിരെയും നടപടി ഉണ്ടാകും എന്നാണ് വിവരം. സംഭവത്തിൽ കളക്ടറും ഇടപെട്ടിട്ടുണ്ട് ഹാർബർ എൻജിനീയറിങ് വകുപ്പിനോട് കളക്ടർ വിശദീകരണം തേടി. പണി നിർത്തിവയ്ക്കാനും ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് കളക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.


