കൊച്ചി മേയറെ തീരുമാനിച്ചതിൽ കെപിസിസി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തിതാൽപ്പര്യങ്ങൾ പ്രതിഫലിച്ചുവെന്നും കെപിസിസി മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. 

കൊച്ചി: മേയറെ തീരുമാനിച്ച നടപടിയിൽ അതൃപ്തി പരസ്യമാക്കി കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ്. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും കൊടുത്തില്ലെന്നും മേയർ തെരഞ്ഞെടുപ്പിൽ ചിലരുടെ വ്യക്തി താൽപര്യങ്ങൾ പ്രതിഫലിച്ചുവെന്നും മേയറെയും ഡെപ്യൂട്ടി മേയറെയും തീരുമാനിക്കാൻ നിയോ​ഗിച്ച കോർ കമ്മിറ്റി അം​ഗമായ എം ആർ അഭിലാഷ് ആരോപിച്ചു. മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡന്റും വ്യക്തമാക്കണം. ചിലരുടെ വ്യക്തിതാൽപര്യങ്ങൾ മേയർ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. 

കൗൺസിലർമാരുമായുള്ള ആശയവിനിമയത്തിന് ശേഷം കോർ കമ്മിറ്റിയുമായി യാതൊരു വിധത്തിലും ആലോചിക്കാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തീരമാനിച്ചത്. കെപിസിസി പറഞ്ഞ മാനദണ്ഡത്തിന് കടകവിരുദ്ധമായ നീക്കമാണ് നടന്നത്. കെപിസിസിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ മേയറെയും ഡെ. മേയറെയും തീരുമാനിക്കുക എന്നത് ഒരുതരത്തിലും അം​ഗീകരിക്കാനാകില്ല. കൗൺസിലർമാരുടെ പിന്തുണ തുല്യമാണെങ്കിൽ മാത്രമേ വിഭജിക്കേണ്ട സാഹചര്യമുള്ളൂ. കെപിസിസി ഭാരവാഹിയാണെങ്കിൽ മുൻ​ഗണന നൽകണമെന്നുമുണ്ട്. എന്നാൽ, കെപിസിസി ഭാരവാഹിക്ക് ദേശാഭിമാനി പത്രത്തിന്റെ വിലപോലും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.