തിരുവനന്തപുരം നേമം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ പകലൂർ സ്വദേശിയായ അഭിജിത്ത് എന്ന 25-കാരൻ അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന ഇയാൾ തേങ്ങ ഉപയോഗിച്ച് പ്രതിമയുടെ തല തകർക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം: നേമം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. പെയിന്‍റിങ് തൊഴിലാളിയായ പകലൂർ കല്ലിയൂർ സ്വദേശി അഭിജിത്തിനെയാണ് (25) പൊലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പഴയ പഞ്ചായത്ത് ഓഫീസിനടുത്ത് എസ്എൻഡിപി ശാഖയോട് ചേർന്നുള്ള ഗുരുദേവ പ്രതിമയാണ് ഇയാൾ തകർത്തത്. മദ്യലഹരിയിലായിരുന്ന പ്രതി സ്ഥലത്ത് ബഹളമുണ്ടാക്കിയ ശേഷം തേങ്ങ കൊണ്ട് പ്രതിമ അടിച്ച് തകർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മദ്യലഹരിയിൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പരസ്പര വിരുദ്ധമായി എന്തെക്കെയോ സംസാരിച്ച ശേഷമാണ് പ്രതിയുടെ അക്രമം. പുറത്ത് കെട്ടിയിരുന്ന കൊടിയുമായാണ് ഇയാൾ പ്രതിമയുടെ അടുത്തെത്തിയത്. പിന്നാലെ തേങ്ങ കൊണ്ട് പ്രതിമയുടെ തലയിൽ അടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി, പിന്നീട് പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരസ്‌പര വിരുദ്ധമായി സംസാരിച്ച പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്തിനാണ് പ്രതിമ തകർത്തതെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാൾ മാനസികമായ ബുദ്ധിമുട്ടുകളിൽ ചികിത്സതേടുന്നയാളോണെന്നും പൊലീസ് പറഞ്ഞു.


