കൊല്ലത്ത് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ വെച്ച് കണ്ടക്ടർക്ക് യാത്രക്കാരന്റെ കടിയേറ്റു. ചവിട്ടുപടിയിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഇരവിപുരം സ്വദേശിയായ യാത്രക്കാരൻ പിടിയിൽ
കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ യാത്രക്കാരന്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ മുഖത്തല സ്വദേശി വിനുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണ്ടക്ടറുടെ പരാതിയില്‍ പ്രതി ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാത്രി യാത്രക്കിടെയാണ് സംഭവം നടന്നത്. കേരളപുരത്ത് ബസ് എത്തിയ സമയത്ത് അരുൺ ചവിട്ടുപടിയിൽ നിൽക്കുകയായിരുന്നു. കണ്ടക്ടർ വിനു യുവാവിനോട് ചവിട്ടുപടിയിൽ നിന്ന് മുകളിലേക്ക് കയറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇയാൾ കണ്ടക്ടറെ മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് സഹയാത്രികരുടെ അടക്കം മൊഴി. പരിക്കേറ്റ കണ്ടക്ടറെ വഴിമധ്യേ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ബസ് വഴിയിൽ കിടന്നു. പകരം കണ്ടക്ടറെ എത്തിച്ചാണ് ബസ് യാത്ര തുടർന്നത്. പൊലീസ് സ്ഥലത്തെത്തി പ്രതി അരുണിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തതായാണ് വിവരം.


