ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് പോലീസും ഫയർഫോഴ്സും രക്ഷകരായി. മകരവിളക്ക് തീർത്ഥാടനത്തിനായി ക്ഷേത്രനട തുറന്നതോടെ സന്നിധാനം വീണ്ടും ശരണമന്ത്രങ്ങളാൽ മുഖരിതമായി, ജനുവരി 14-നാണ് മകരവിളക്ക്.

സന്നിധാനം: ശരണമന്ത്രങ്ങൾ മുഖരിതമായ സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും. തമിഴ്‌നാട്ടിൽ നിന്നെത്തിയ അറുപത്തിയഞ്ചുകാരിയായ മാളികപ്പുറത്തിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കൃത്യസമയത്ത് തുണയായത്. ആയിരക്കണക്കിന് ഭക്തർ മലചവിട്ടി എത്തുന്ന സന്നിധാനത്തിൽ, പതിനെട്ടാം പടി കയറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശാരീരിക അവശത മൂലം ഇവർ തളർന്നത്. കഠിനമായ യാത്രയുടെ ക്ഷീണവും ഉയർന്ന രക്തസമ്മർദ്ദവും അവരെ തളർത്തുകയായിരുന്നു. ഈ സമയം കൊടിമരം ഡ്യൂട്ടി പോയിന്റിലുണ്ടായിരുന്ന ഡി.വൈ.എസ്.പി പ്രമോദും, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രകാശും ഉടൻ തന്നെ ഇടപെട്ടു.

അവശയായ മാളികപ്പുറത്തെ താങ്ങിയെടുത്ത ഉദ്യോഗസ്ഥർ ഒട്ടും വൈകാതെ തന്നെ അവരെ എമർജൻസി മെഡിക്കൽ ടീമിന് അടുത്തേക്ക് എത്തിച്ചു. വിദഗ്ദ്ധമായ പ്രഥമ ശുശ്രൂഷ നൽകിയതോടെ അവരുടെ ആരോഗ്യനില സാധാരണ നിലയിലായി. ആരോഗ്യം വീണ്ടെടുത്ത ശേഷം, ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞാണ് അവർ അയ്യപ്പ ദർശനത്തിനായി നീങ്ങിയത്. മനമുരുകി പ്രാർത്ഥിച്ച് ദർശനം പൂർത്തിയാക്കിയ അവർ സഫലമായ തീർത്ഥാടനത്തിന് ശേഷം മലയിറങ്ങി. തിരക്കിനിടയിലും ഭക്തരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകി, സേവനസന്നദ്ധമാണ് സേനകളെന്ന് അധികൃതര്‍ പറഞ്ഞു.

ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം

മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു. വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശൻ്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.