പുഴയുടെ മധ്യഭാഗത്ത് മൂന്ന് മീറ്ററോളം താഴ്ചയില്‍നിന്ന് പാദ സരം കണ്ടെത്തി ഉടമക്ക് കൈമാറി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാദസരം ലഭിച്ചത്.
മലപ്പുറം: വേങ്ങര കടലുണ്ടിപ്പുഴയില്‍ നീന്തുന്നതിനിടെ നഷ്ടപ്പെട്ട രണ്ടര പവന്റെ പാദസരം മലപ്പുറം ഫയര്‍ ഫോഴ്സ് സ്കൂബ ഡൈവര്‍മാര്‍ മുങ്ങിയെടുത്തു. ഊരകം പഞ്ചായത്തിലെ കോട്ടുമല വിളവത്ത് പറളിപ്പുറത്ത് സജ്നയുടെ പാദസരമാണ് വീണ്ടെടുത്തത്. അവധിദിനങ്ങള്‍ ആഘോഷിക്കാന്‍ സ്വന്തം വീട്ടിലെത്തിയ സജ്ന ബുധനാഴ്ച കുടുംബക്കാര്‍ക്കൊപ്പം കോട്ടുമല തൂക്കുപാലത്തിനു താഴെ നീന്താന്‍ വന്നതായിരുന്നു. പുഴയില്‍നിന്ന് കയറുമ്പോഴേക്ക് കാലിലെ പാദസരം നഷ്ടപ്പെട്ടിരുന്നു. ഇറങ്ങുമ്പോള്‍ പാദസരം കാലില്‍ ഉണ്ടായിരുന്നെന്ന് ഉറപ്പുള്ളതിനാല്‍ മലപ്പുറം അഗ്നിരക്ഷാ സേനയിലെ മുങ്ങല്‍വിദഗ്ധരുടെ സഹായം തേടി. സേനയിലെ സ്കൂബ ഡൈവര്‍മാരായ വി.പി. നിഷാദ്, മുഹമ്മദ് ഷിബിന്‍, കെ.സി. മുഹ മ്മദ് ഫാരിസ് എന്നിവര്‍ സ്ഥലത്തെത്തി ഒന്നര മണിക്കുറോളം തിരച്ചില്‍ നടത്തി.
പുഴയുടെ മധ്യഭാഗത്ത് മൂന്ന് മീറ്ററോളം താഴ്ചയില്‍നിന്ന് പാദ സരം കണ്ടെത്തി ഉടമക്ക് കൈമാറി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാദസരം ലഭിച്ചത്. വേനല്‍ ആയതിനാല്‍ പുഴയില്‍ വെള്ളത്തിന്റെ അളവ് കുറഞ്ഞതിനാല്‍ പാദസരം വീണ്ടെടുക്കല്‍ എളുപ്പമായത്. തിരിച്ചു കിട്ടില്ലെന്ന് ഉറപ്പിച്ച പാദസരം തിരിച്ചു കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും സ്കൂബ ഡൈവര്‍മാര്‍ക്കും ഫയര്‍ഫോഴ്സിനും നന്ദി പറഞ്ഞാണ് സജ്ന മടങ്ങിയത്.
