പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ അതിനടുത്ത് നിർമിച്ച ഷെഡിലാണ് വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരുന്നത്. രാവിലെ ബാങ്കിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കാൻ രവിയുടെ ഭാര്യ ശൈലജ മേശ വലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാൽ കണ്ടത്.
കാസർകോട്: രണ്ടാഴ്ചയോളം തുറക്കാത്ത മേശ വലിപ്പ് തുറന്നപ്പോൾ ദേ കിടക്കുന്നു സ്വർണ മോതിരമിട്ട പാമ്പ്. അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ തിരിച്ചറിഞ്ഞെങ്കിലും പാമ്പുകടിയേറ്റ് മരണങ്ങൾ കൂടിയ ഈ സാഹചര്യത്തിൽ ആശങ്ക അകറ്റാൻ സർപ്പ വളണ്ടിയർമാരെ വിളിപ്പിച്ചു. ആശങ്കയും കൗതുകവും നിറഞ്ഞ നിമിഷങ്ങൾക്കായിരുന്നു അഡൂരിലെ രവിയുടെ വീട് സാക്ഷ്യം വഹിച്ചത്. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിലായിരുന്നു. ബുധനാഴ്ച്ച രാവിലെ ആയിരുന്നു സംഭവം.
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ അതിനടുത്ത് നിർമിച്ച ഷെഡിലാണ് വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരുന്നത്. വീട്ടുടമസ്ഥനായ രവി സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ബാങ്കിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കാൻ രവിയുടെ ഭാര്യ ശൈലജ മേശ വലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാൽ കണ്ടത്. വീട്ടിൽ കുട്ടികളുള്ളതിനാൽ പാമ്പിന്‍റെ സാന്നിധ്യം എല്ലാവരും പരിഭ്രാന്തിയിലായി. ചേര ആണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഉടനെ മേശവലിപ്പ് അടച്ച് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. വിളിപ്പുറത്ത് വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരെത്തി. മേശ തുറന്ന് നോക്കിയപ്പോൾ കടലാസുകൾക്കിടയിൽ പാമ്പിനെ കണ്ടു. പാമ്പിനെ പുറത്തെടുത്തപ്പോഴാണ് മധ്യഭാഗത്തായി സ്വർണമോതിരം ചുറ്റിയ നിലയിൽ കണ്ടത്.
നാലടിയോളം നീളമുള്ള ചേര മോതിരം കുടുങ്ങിയതിനാൽ അവശനിലയിലായിരുന്നു. പാമ്പിനെ പുറത്തെടുത്ത ശേഷം സർപ്പവോളണ്ടിയർമാർ പതിയെ മോതിരം മുറിച്ചെടുത്ത് ചേരയെ മോചിപ്പിച്ചു. അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നതായി രവി പറയുന്നു. അതിൽ ചേര കുടുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. പക്ഷേ പാമ്പ് എങ്ങനെ മേശയിലെത്തി എന്നത് വീട്ടുകാർക്ക് ഇപ്പോഴും സംശയമാണ്. പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് ഭാഗ്യമാണെന്ന് ശൈലജ പറഞ്ഞു.


