വീട്ടുമുറ്റത്ത് അഴിച്ചുവെച്ച ചെരുപ്പിന്റെ മണം പിടിച്ച് പൊലീസ് നായ സമീപത്തെ ക്വാറിക്ക് സമീപം വരെ എത്തിയിരുന്നു

കോഴിക്കോട്: അത്തോളിയില്‍ കാണാതായ വയോധികന്റ മൃതദേഹം വീടിന് സമീപത്തെ പാറക്കുളത്തില്‍ കണ്ടെത്തി. കൊടശ്ശേരി അഴയില്‍ ചേക്കുട്ടി(76)യെയാണ് പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതല്‍ കാണാതായ ചേക്കൂട്ടിക്കായി പൊലീസും ഫയര്‍ഫോഴ്‌സും വ്യാപക തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് ഇന്ന് രാവിലെ ആറു മണിയോടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അത്തോളി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീട്ടുമുറ്റത്ത് അഴിച്ചുവെച്ച ചെരുപ്പിന്റെ മണം പിടിച്ച് പൊലീസ് നായ സമീപത്തെ ക്വാറിക്ക് സമീപം വരെ എത്തി. തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ ബിജുവിന്റെ നേതൃത്വത്തില്‍ വെള്ളിമാട്കുന്നില്‍ നിന്നുള്ള സ്‌കൂബ ടീം സ്ഥലത്തെത്തി കുളത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. അണ്ടര്‍ വാട്ടര്‍ ക്യാമറകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് സമീപത്തെ അഞ്ച് ക്വാറികളിലെ വെള്ളക്കെട്ടുകളില്‍ ഇന്നലെ വൈകുന്നേരം 5.30 വരെ പരിശോധന തുടര്‍ന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃതദേഹം അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യ: വിലാസിനി. മക്കള്‍: പ്രസീത, ഷാജി(സൗദി അറേബ്യ), സുനില്‍ (ഖത്തര്‍). മരുമക്കള്‍: ദേവേശന്‍(ബസ് കണ്ടക്ടര്‍), സോജ, സുബില.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം