ജോർജിയയിൽ ചികിത്സയിലിരിക്കെ മരിച്ച മെഡിക്കൽ വിദ്യാർഥിനി സോണയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പനി ബാധിച്ച് ആശുപത്രിയിലായ സോണയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണം. 

കൊച്ചി: ജോർജിയയിൽ ചികിത്സയിലായിരിക്കേ മരിച്ച മെഡിക്കൽ വിദ്യാർഥിനി സോണയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഡൽഹി വഴിയാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. അൻവർ സാദത്ത് എംഎൽഎയും സോണയുടെ പിതാവും ബന്ധുക്കളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. ആലുവ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെ എട്ട് മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. പതിന്നൊന്നര മണിയോടെ ആലുവ സെന്റ് ഡൊമനിക് പള്ളിയിൽ സംസ്ക്കാരം ചടങ്ങ് നടത്തും.

പനി ബാധിച്ചതിനെ തുടർന്നാണ് ഈ മാസം 14ന് ജോർജിയയിൽ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയായ സോണ ആശുപത്രിയിൽ ചികിത്സ തേടിയത്. തലച്ചോറിൽ രക്തം കട്ട യായെന്നും രോഗം മൂർഛിച്ച് അബോധാവസ്ഥയിലായെന്നും മാത്രമായിരുന്നു നാട്ടിൽ രക്ഷിതാക്കൾക്ക് ലഭിച്ച വിവരം. വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുവരാൻ വഴികൾ തേടുന്നതിനിടയിലാണ് 16ന് സോണ അപ്രതീക്ഷിത മരണ വിവരം എത്തുന്നത്.

ആലുവ തായിക്കാട്ടുകര എസ്എൻ പുരം സ്വദേശികളായ റോയ് ജിജി ദമ്പതികളുടെ മകളാണ് സോണ. മൂന്ന് മാസം മുമ്പാണ് സോണ നാട്ടിൽ വന്ന് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബത്തെ ബഹറനിലെ മലയാളി വ്യവസായി വർഗീസ് കുര്യനാണ് ബോഡി നാട്ടിലെത്തിക്കാനുള്ള മുന്നര ലക്ഷത്തോളം രൂപനൽകി സഹായിച്ചത്.