2024-25 വർഷത്തെ സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മികച്ച കോർപ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, കൊല്ലം മികച്ച ജില്ലാ പഞ്ചായത്തായും ഗുരുവായൂർ മികച്ച നഗരസഭയായും തിളങ്ങി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനത്തിനുള്ള 2024 - 25 വർഷത്തെ പുരസ്കാരങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷന് തിളക്കം. സംസ്ഥാനത്തെ ഏറ്റവും മികച്ച കോർപ്പറേഷനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം കോർപ്പറേഷൻ സ്വന്തമാക്കി. ജില്ലാ പഞ്ചായത്തുകളുടെ വിഭാഗത്തിൽ കൊല്ലത്തിനാണ് ഒന്നാം സ്ഥാനം. നഗരസഭകളുടെ കാര്യത്തിൽ ഗുരുവായൂർ മികച്ച നഗരസഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിൽ തിരുവനന്തപുരം ജില്ലയിലെ ഉഴമലക്കലാണ് ഏറ്റവും മുന്നിലെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ തിരുവനന്തപുരത്തെ നേമത്തിനാണ് പുരസ്കാരം. ഭരണനിർവഹണം, സേവനങ്ങളുടെ ഗുണമേന്മ, പദ്ധതി വിനിയോഗം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഈ അംഗീകാരങ്ങൾ നൽകുന്നത്. കഴിഞ്ഞ വർഷത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള പുരസ്കാരം തദ്ദേശ മന്ത്രി എം ബി രാജേഷാണ് പ്രഖ്യാപിച്ചത്.



