ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
താമരശ്ശേരി: അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതിയുള്ളൂ. ഗതാഗതം സുഗമമാക്കാൻ ചുരത്തിലെ പ്രധാന വളവുകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
യു.ഡി.എഫ് പ്രതിഷേധം-നാളെ കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം
ചുരത്തിലെ അവസാനിക്കാത്ത യാത്രാ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമരരംഗത്തേക്ക്. ഇതിന്റെ ഭാഗമായി നാളെ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ രാപ്പകൽ സമരം സംഘടിപ്പിക്കും. കൽപ്പറ്റ എം.എൽ.എ ടി. സിദ്ധിഖ്, ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും. ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക, ബദൽ റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്.



