വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് പുരസ്താരം.
തിരുവനന്തപുരം: കേരളീയം വികെ മാധവൻ കുട്ടി മാധ്യമപുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ കെ എം ബിജുവിന്. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ദൃഷാനയെക്കുറിച്ചുള്ള വാർത്താപരമ്പരയ്ക്കാണ് 2024ലെ പുരസ്കാര നേട്ടം. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടിനെ തുടർന്നാണ് ദൃഷാനയെയും മുത്തശ്ശിയെയും ഇടിച്ച ശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയതും വാഹനമോടിച്ച പുറമേരി സ്വദേശി ഷജീൽ പിടിയിലായതും.
ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്തയ്ക്ക് പിന്നാലെ കേസിൽ ഹൈക്കോടതി ഇടപെടലുണ്ടായി. ദൃഷാനയ്ക്ക് ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയും ലഭിച്ചു. ദൃഷാനയ്ക്ക് നീതി ലഭ്യമാക്കിയ റിപ്പോര്‍ട്ടെന്ന് ജൂറി വിലയിരുത്തി. 50,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അച്ചടി മാധ്യമത്തിലെ പുരസ്കാരം മെട്രോ വാര്‍ത്തയിലെ എം ബി സന്തോഷിനാണ്. 2023 ലെ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. ദൃശ്യമാധ്യത്തിൽ മനോരമ ന്യൂസിലെ ബി എൽ അരുണിനും അച്ചടി മാധ്യമത്തിൽ ദീപികയിലെ റിച്ചാര്‍ഡ് ജോസഫിനുമാണ് 2023 ലെ അവാര്‍ഡ്.


