പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകൾ അതിസമ്പന്നരുടെയും അധികാരികളുടെയും ഇരുണ്ട ലോകത്തേക്ക് വാതിൽ തുറക്കുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ മുതൽ അമേരിക്കൻ പ്രസിഡന്റുമാർ വരെ ഉൾപ്പെട്ട ഈ ലൈംഗിക ചൂഷണക്കേസിലെ പുതിയ വിവരങ്ങൾ പല പ്രമുഖരുടെയും അടിത്തറയിളക്കുകയാണ്.  

ബ്രിട്ടിഷ് രാജകുടുംബം മുതൽ പാർലമെന്‍റ് വരെ, അമേരിക്കയിലെ മുൻ പ്രസിഡന്‍റ്, ഭാര്യ, നിലവിലെ പ്രസിഡന്‍റ്, ആഗോളതലത്തിലെ വ്യവസായ സാമ്രാജ്യധിപതികൾ, സാമൂഹ്യപ്രമുഖർ, മനുഷ്യസ്നേഹികളെന്ന് പേരുകേട്ടവർ, നയതന്ത്രജ്ഞർ എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങളിൽ അസ്തിവാരം കുലുങ്ങുകയാണ് പലരുടെയും. മറ്റൊരു ലോകം, അതിസമ്പന്നരുടെ ലോകം, ആഡംബരയാട്ടുകളും വിരുന്നുകളും യാത്രകളും ഒക്കെയുള്ള, അതിൽ അഭിരമിക്കുന്ന മനുഷ്യരുടെ ലോകം. സാധാരണക്കാർ അതിന്‍റെ ഭാഗമേയല്ല. പക്ഷേ, മാലോകർ എങ്ങനെ ജീവിക്കണമെന്ന് ഇവരാണ് നിശ്ചയിക്കുന്നത്. ഉൽപ്പന്നങ്ങളിലൂടെ, നിയമങ്ങളിലൂടെ, അതിനൂതന സാങ്കേതികവിദ്യയിലൂടെ, ആ ലോകത്തിന്‍റെ ഇരുണ്ട അറയിലേക്കൊരു വാതിൽ തുറന്നിട്ടിരിക്കുകയാണ് എപ്സ്റ്റീൻ എന്ന ലൈംഗിക കുറ്റവാളിയുടെ ഫയലുകളും അതിലെ പുതിയ വിവരങ്ങളും.

അധികാരികളുടെ ക്രിമിനൽ കൂട്ടം

എപ്സ്റ്റീനുമായുള്ള ബന്ധം ആരെയും കുറ്റവാളിയാക്കുന്നില്ലെന്ന് എടുത്തുപറയുമ്പോഴും സമ്പത്തും പ്രശസ്തിയും അധികാരവും സ്വാധീനവും കൂടി ഒരു കൂട്ടം പെൺകുട്ടികളെ എങ്ങനെ ഇരകളാക്കി ഉപയോഗിച്ചുവെന്നത് അമ്പരപ്പിക്കുന്നു. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കഥകളും സംഭാഷണങ്ങളും പുറത്തുവന്നു കൊണ്ടേയിരിക്കുകയാണ്. പരിചിതമായ മുഖങ്ങൾ, പേരുകൾ, അവരുടെ താൽപര്യങ്ങളുടെ കഥകൾ. ഇടയിൽ എഐയുമുണ്ടെന്നത് അപകടം. പേരുകാർ, ചിലരൊക്കെ എല്ലാം നിഷേധിക്കുന്നു. ചിലർ ചിലതൊക്കെ ഏറ്റുപറഞ്ഞ് തലയൂരാൻ നോക്കുന്നു. പുറത്തുവന്ന ഫയലുകളിൽ മറയ്ക്കാൻ മറന്നുപോയ മുഖങ്ങൾ, ഇരകളെ വെളിപ്പെടുത്താൻ തന്നെ ഉദ്ദേശിച്ചായിരുന്നുവെന്നും ആരോപണമുണ്ട്. ശ്രദ്ധക്കുറവെന്ന് വാദിക്കാമെങ്കിലും. ഈ ശ്രദ്ധക്കുറവ് പല ജീവിതങ്ങളും തകർത്തു. ഗൂഢാലോചനക്കഥകളാണ് മറ്റൊന്ന്.

കുട്ടികളെ കൊന്ന് തിന്നുന്നവർ

മനുഷ്യ മാംസം കഴിച്ചിരുന്നു ഇവരൊക്കെ എന്ന മട്ടിലും കഥകളുണ്ട്. അതൊന്നും ശരിയല്ലെന്നാണ് ഫാക്ട്ഫൈൻഡിങ് സൈറ്റുകളുടെ പക്ഷം. ചില വാക്കുകൾ അങ്ങനെ വ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും. പക്ഷേ, ഗബ്രിയേല റിക്കോ ജിമെനെസ് (Gabriela Rico Jimenez) എന്ന 21 -കാരി 2019 -ൽ മെക്സിക്കോയിലെ ഹോട്ടലിന് മുന്നിൽ നിന്ന് വിളിച്ചുകൂവിയത് അവിടെ നടക്കുന്ന വിരുന്നിൽ കുട്ടികളെ കൊന്ന് തിന്നുന്നു എന്നാണ്. വിരുന്നിൽ പങ്കെടുത്തവർ പലരും എപ്സ്റ്റീൻ ഫയലുകളിലെ പ്രമുഖരുമാണ്. ജോർജ് ബുഷ് സീനിയർ (George Bush Senior) അടക്കം. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ഗബ്രിയേല റിക്കോ ജിമെനെസിനെ പിന്നെ ലോകം കണ്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എപ്സ്റ്റീന്‍റെ യാട്ടിൽ കുഞ്ഞുങ്ങളെ കൊന്ന് മാംസം കഴിച്ചുവെന്ന് എഫ്ബിഐയോട് (FBI) അജ്ഞാതനായ ഒരാൾ പറയുന്നുണ്ട്. പക്ഷേ, തെളിവില്ല എന്നാണ് ഔദ്യോഗിക പക്ഷം.

Scroll to load tweet…

ഒന്നുമറിയില്ലെന്ന്

ഇപ്പോൾ പുറത്തുവന്ന പലതും പ്രായപൂർത്തിയാകാത്തെ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ട ശേഷം നടന്നതാണ്. പക്ഷേ, തങ്ങൾക്കൊന്നുമറിയില്ലായിരുന്നുവെന്ന് പറയുന്നു അമേരിക്കൻ പ്രസിഡന്‍റടക്കം. അറിയാതിരിക്കുന്നത് അസാധാരണം. അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് ഭാവിച്ച് അയാളുമായി അടുത്തിടപഴകിയെങ്കിൽ അതിനെ എന്തുവിളിക്കണം? 2009 -ലാണ് എപ്സ്റ്റീൻ ആദ്യത്തെ കേസിലെ തടവിന് ശേഷം പുറത്തിറങ്ങുന്നത്. അതിന് ശേഷവും വിരുന്നുകളും ആഘോഷങ്ങളും ഒരു തടസവുമില്ലാതെ തുടർന്നുവെന്ന് പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു.

ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് 2002 -ലാണ്, 'Epstein is a Terrific guy' എന്നും സുന്ദരികളോടുള്ള ഇഷ്ടത്തെക്കുറിച്ചും ചില പരാമർശങ്ങൾ നടത്തിയത്. അതൊക്കെ മുമ്പ്, എല്ലാമറി‌ഞ്ഞപ്പോൾ ബന്ധം അവസാനിപ്പിച്ചുവെന്നാണ് നിലപാട്. പക്ഷേ, 2025 -ലെ പ്രസിഡന്‍റിന്‍റെ ട്രൂത്ത് സോഷ്യൽ സന്ദേശം എപ്സ്റ്റീനൊപ്പം ആഘോഷിച്ചവരൊക്കെ അയാൾ പിടിക്കപ്പെട്ടപ്പോൾ വിട്ടുകളഞ്ഞു എന്നാണ്. ഒക്കെ ഗൂഢാലോചന, തനിക്കെതിരെ ഒന്നും തെളിഞ്ഞിട്ടില്ല. ഈ വിഷയമേ അവസാനിപ്പിക്കണം എന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം. എപ്സ്റ്റീനെക്കുറിച്ചുള്ള മറ്റൊന്നുകൂടി പുതിയ ഫയലുകളിൽ നിന്ന് വ്യക്തമാവുന്നു. ലൈംഗിക കുറ്റവാളി മാത്രമായിരുന്നില്ല എപ്സ്റ്റീൻ. അതുവഴി ഉന്നതരെ സ്വാധീനിച്ച്, ആഗോളതലത്തിൽ ബന്ധങ്ങളും സ്വാധീനവും കെട്ടിപ്പടുത്തു. കോടീശ്വരനായതും ഇതിന്‍റെ ബാക്കിയാവണം. ഒന്നും ഇപ്പോഴും വ്യക്തമല്ല.

ബ്രിട്ടീഷ് രാജകുടുംബാംഗം

പണം കൊടുത്തു സഹായിച്ചവരുടെ കൂട്ടത്തിൽ ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂവിന്‍റെ മുൻഭാര്യ സാറ ഫെർഗൂസണുമുണ്ട്. പുറത്തുവന്ന അവരുടെ ഇ മെയിലുകളിൽ അവർക്ക് എപ്സ്റ്റീനുമായി ഭർത്താവ് ആൻഡ്രൂവിനുണ്ടായിരുന്നത്ര തന്നെയോ അതിനേക്കാളോ ബന്ധമുണ്ടെന്ന് തെളിയുന്നു. Marry Me എന്ന് ഒരു മെയിലിൽ പറയുന്നുണ്ട്. താനുമായി ബന്ധം സ്ഥാപിച്ചത് ആൻഡ്രൂവിലേക്കെത്താൻ ആയിരുന്നോയെന്ന് ചോദിക്കുന്നു മറ്റൊന്നിൽ. അവരുടെ മകളുടെ പേരും എപ്സ്റ്റീന്‍റെ ഫയലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത്ര സുഖകരമല്ലാത്ത തരത്തിലാണത്. ഇന്ന്, ആൻ‍ഡ്രൂവിന്‍റെ രാജപദവികൾ പോയി. താമസസ്ഥലവും പോയി. ഒറ്റപ്പെട്ടൊരു കെട്ടിടത്തിലേക്ക് മാറുകയാണ് ആൻഡ്രൂ. ഇപ്പോൾ പുറത്തുവന്ന ചില ചിത്രങ്ങളും ചില വെളിപ്പെടുത്തലുകളും കൊട്ടാരത്തിന് പഥ്യമാകാൻ ഇടയില്ല. വിർജീനിയ ജുഫ്രേയെ പോലെ പല പെൺകുട്ടികളെയും ആൻഡ്രൂ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ഇപ്പോൾ തെളിയുന്നു. വിർജീനിയയുമൊത്തുള്ള ചിത്രം യഥാർത്ഥമാണെന്നും തെളിഞ്ഞു.

ഇലൺ മസ്കും പീറ്റർ മാൻഡൽസണും

ടെസ്ല മേധാവി ഇലൺ മസ്കിനെ എപ്സ്റ്റീൻ ഒരു മെയിലിൽ തന്‍റെ ദ്വിപീലേക്ക് ക്ഷണിക്കുന്നു. മറ്റൊന്നിൽ മസ്ക് എപ്സ്റ്റീനോട് ചോദിക്കുന്നു, വിരുന്നുകൾ എപ്പോഴാണ് ആഘോഷിക്കണമെന്ന്. ഇതുപോലൊന്നിലാണ് ബ്രിട്ടിഷ് മുൻ മന്ത്രിയും മുൻ എംപിയും മുൻ യുഎസ് അംബാസിഡറുമായ പീറ്റർ മാൻഡൽസണും (Peter Mandelson) കുടുങ്ങിയത്. ആദ്യത്തെ ഫയലുകൾ പുറത്തുവന്നതോടെ അംബാസിഡർ സ്ഥാനം പോയി. എപ്സ്റ്റീന്, മാൻഡൽസൺ സർക്കാർ തീരുമാനങ്ങളെ കുറിച്ചുള്ള വിവരം ചോർത്തിക്കൊടുത്തു. പകരം ഡോളറുകൾ കിട്ടിയെന്ന് ബാങ്ക് രേഖകൾ. അതോടെ ലേബർ പാർട്ടി അംഗത്വും House of Lords അംഗത്വവും നഷ്ടമായി. ഇന്ന് ക്രിമിനൽ നടപടി നേരിടുകയാണ്.

ബിൽ ഗേറ്റ്സ്

ബിൽ ഗേറ്റ്സ് (Bill Gates) ആണ് മറ്റൊരാൾ. ബിൽ ഗേറ്റ്സിനെ നയിക്കാൻ എപ്സ്റ്റീൻ തയ്യാറാക്കിയ രണ്ട് ഇമെയിലുകളാണ് പുറത്തുവന്നത്. പക്ഷേ, അവ അയച്ചോ എന്നതിന് തെളിവില്ല. ബിൽ ഗേറ്റ്സിന് റഷ്യൻ യുവതിയുമായുണ്ടായിരുന്ന ബന്ധവും അതിന്‍റെ പ്രത്യാഘാതങ്ങളുമാണ് മെയിലിലെ വിഷയം. കള്ളം എന്നാണ് ബിൽ ഗേറ്റ്സിന്‍റെ വക്താവ് പ്രതികരിച്ചത്. പക്ഷേ, ബിൽ ഗേറ്റ്സിന്‍റെ മുൻഭാര്യ മെലിൻഡ ഗേറ്റ്സിന്‍റെ പ്രതികരണം മറ്റൊന്നായിരുന്നു. തന്‍റെ വിവാഹജീവിതത്തിലെ ഏറ്റവും വേദനയേറിയ ചില ഏടുകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി എന്നാണവർ പറഞ്ഞത്. ഇരകൾക്ക് നീതികിട്ടണമെന്നും. ബിൽ ഗേറ്റ്സ് എന്തായാലും പിന്നീട് മാപ്പ് ചോദിച്ചു.

ബിൽ ക്ലിന്‍റണും ഹിലരിയും

അമേരിക്കൻ മുൻ പ്രസി‍ഡന്‍റ് ബിൽ ക്ലിന്‍റണും ഭാര്യ ഹിലരിയും ഒടുവിൽ കോൺഗ്രസ് അന്വേഷണസമിതിക്ക് മുന്നിൽ മൊഴി നൽകാമെന്ന് സമ്മതിച്ചിരിക്കയാണ്. കമ്മിറ്റിക്ക് മുന്നിൽ ഹാജരാകാനുള്ള നിർദ്ദേശം തള്ളിക്കളയുകയായിരുന്നു ഇതുവരെ. നടപടിയുണ്ടാവും എന്നായതോടെയാണ് സമ്മതിച്ചത്. ബിൽ ക്ലിന്‍റൺ 27 -നും ഹിലരി 26 -നും മൊഴി നൽകും. ഹിലരിക്ക്, എപ്സ്റ്റീനുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല. പക്ഷേ, ബിൽ ക്ലിന്‍റന്‍റെ ചിത്രങ്ങളും ഫ്ലൈറ്റ് ലോഗുകളും പുറത്തുവന്നിട്ടുണ്ട്. അറിവില്ലായിരുന്നു എന്നുതന്നെയാണ് പല്ലവി.

നോർവേ രാജകുടുംബം

നോർവേയിലെ രാജകുടുംബത്തിനെയും എപ്സറ്റീൻ ഫയലുകൾ പിടികൂടി. കിരീടാവകാശിയായ രാജകുമാരന്‍റെ ഭാര്യ മെറ്റ് മാരിറ്റിന്‍റെ (Mette Marit) എപ്സ്റ്റീൻ സൗഹൃദമാണിപ്പോൾ പുറത്തുവന്നത്. അറിയില്ലായിരുന്നുവെന്ന എല്ലാവരുടെയും പല്ലവി രാജകുമാരിയും ആവർത്തിക്കുന്നു.

റിച്ചാർഡ് ബ്രാൻസൺ

വിർജിൻ അറ്റ്ലാന്റിക് (Virgin Atlantic) മേധാവി റിച്ചാർഡ് ബ്രാൻസണിന്‍റെ (Richard Branson) പേരിലുള്ള മെയിലുകളുമുണ്ട്. എപ്പോൾ വേണമെങ്കിലും വരൂ, ഹരേമിനെ (Harem) കൊണ്ടുവരണമെന്ന് മാത്രം എന്നാണ് ബ്രാൻസണിന്‍റെ ഒരു മെയിൽ. ഹരേം എന്നാൽ എപ്സ്റ്റീന്‍റെ സംഘത്തിലെ മൂന്ന് പേർ. പ്രായപൂർത്തിയായവർ എന്നാണ് വിർജിൻ ഗ്രൂപ്പിന്‍റെ വിശദീകരണം. ഹരേത്തിന്‍റെ മറ്റൊരർത്ഥം ഭാര്യമാരുടെ സംഘം എന്നാണ്. അത് മറുവശം. ചില ബിസിനസ് ചർച്ചകളും ടെന്നിസ് മത്സരവുമേ നടന്നിട്ടുള്ളൂ. വേറെ പരിചയമൊന്നും ഇല്ലെന്നും പറയുന്നു വിർജിൻ ഗ്രൂപ്പ്.

മറ്റ് പ്രമുഖർ

ട്രംപിന്‍റെ മുൻ സംഘാംഗം സ്റ്റീവ് ബാനൺ (Steve Bannon), സ്ലൊവാക്യയുടെ മുൻ വിദേശകാര്യമന്ത്രി മിറോസ്ലാവ് ലാജ്‌കാക് (Miroslav Lajcak), അമേരിക്കൻ വാണിജ്യ വകുപ്പ് സെക്രട്ടറി ഹോവാർഡ് ലുട്ട്നിക് (Howard Lutnick), ബിൽ ക്ലിന്‍റന്‍റെ ട്രഷറി സെക്രട്ടറിയായിരുന്ന ലാറി സമ്മേഴ്‌സ് (Larry Summers), സിബിഎസ് ന്യൂസ് കോൺട്രിബ്യൂട്ടർ (CBS News contributors) ഉം ഇൻഫ്ലുവൻസറുമായി പീറ്റർ ആറ്റിയ (Peter Attia), ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ (Sergey Brin), ഇസ്രയേലി മുൻ പ്രധാനമന്ത്രി എഹൂദ് ബാരക് (Ehud Barak). ഇവരുടെയൊക്കെ പേരുകളും ഇമെയിലുകളുമുണ്ട്. ഇപ്പോഴത്തെ ഫയലുകളിലും. ചിലരെക്കെ എപ്സ്റ്റീന്‍റെ കൂട്ടുപ്രതി ഗിസ്ലൈൻ മാക്സ്വെലുമായാണ് (Ghislaine Maxwell) ഇമെയിലുകൾ കൈമാറിയിട്ടുള്ളത്. ബിസിനസോ ഔദ്യോഗിക കാര്യങ്ങളോ അല്ല ഒന്നിലെയും വിഷയം. അമേരിക്കൻ ഫുട്ബോൾ ടീമായ ന്യൂയോർക്ക് ജയന്‍റസിന്‍റെ (New York Giants) സഹഉടമയും അമേരിക്കൻ സിനിമാ നിർമ്മാതാവുമായ സ്റ്റീവ് ടിഷിന്‍റെയും (Steve Tisch), 2018 -ലെ ലോസ് ആഞ്ചലസ് ചെയർമാൻ കാസി വാസർമാൻറെയും (Casey Wasserman) ഇമെയിലുകളിൽ വ്യക്തമാണ്, അവർക്ക് എപ്സ്റ്റീനിൽ നിന്നും ഗിസ്ലൈൻ നിന്നും എന്താണ് വേണ്ടതെന്ന്.

അന്യമാകുന്ന നീതി

ഇരകൾക്ക് എങ്ങനെ നീതി കിട്ടുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോൾ പുറത്തുവിട്ട ഫയലുകളിൽ പലതിലും ഇരകളാരെന്ന് വ്യക്തമാവുന്നുണ്ട്. അതുകാരണം പലതും പിൻവലിച്ചു. നൂറോളം പേരുടെ ജീവിതം തന്നെ താറുമാറായി എന്നാണ് റിപ്പോർട്ട്. സാങ്കേതിക തകരാർ എന്നാണ് യുഎസ് നീതിന്യായ വകുപ്പിന്‍റെ വിശദീകരണം. പക്ഷേ, ചരിത്രത്തിലെ ഏറ്റവും വലിയ സ്വകാര്യതാ ലംഘനം എന്നാണ് കുറ്റപ്പെടുത്തൽ. ചിലർക്കൊക്കെ വധഭീഷണിവരെ ഉണ്ടായി എന്നാണ് റിപ്പോർട്ട്.

ട്രംപെന്ന കളിക്കാരൻ

പലതിനും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. 'ഇതുവരെ കുരച്ചിട്ടില്ലാത്ത നായ ട്രംപ് മാത്രമാണെന്ന്' എപ്സറ്റീൻ ഇമെയിൽ അയച്ചിരിക്കുന്നത് 2011 -ലാണ്. ഒരുമിച്ച് മണിക്കൂറുകൾ ചെലവഴിച്ചതാണ്, എന്നിട്ടും അയാളുടെ പേരില്ല എന്നാണ് മെയിൽ. നീതിന്യായ വകുപ്പ് ഇപ്പോൾ പുറത്തുവിട്ട ഫയലുകളുടെ കൂട്ടത്തിൽ ചില എഫ്ബിഐ രേഖകളുമുണ്ടായിരുന്നു. അതിൽ ട്രംപിനെതിരെയും വേറെ പലർക്കുമെതിരെയും നിരവധി ലൈംഗികാതിക്രമ ആരോപണങ്ങളുണ്ട്. പക്ഷേ, ഈ രേഖകൾ വെബ്സൈറ്റിൽ നിന്ന് മണിക്കൂറുകൾക്കകം അപ്രത്യക്ഷമായി. അതിനൊന്നും തെളിവ് ഉണ്ടായിരുന്നില്ലെങ്കിൽ കൂടിഎന്തുകൊണ്ട് അവ അപ്രത്യക്ഷമായി എന്നത് ചോദ്യം. അതിന് നീതിന്യായ വകുപ്പ് നൽകിയ ഉത്തരം 2020 -ലെ തെരഞ്ഞെടുപ്പിന് മുമ്പ് എഫ്ബിഐയ്ക്ക് കിട്ടിയ രേഖകളാണ്. അതിലൊന്നും വാസ്തവമില്ല എന്നാണ്. ട്രംപ് ഇമെയിലുകൾ ഉപയോഗിക്കില്ല. അതുകൊണ്ട് തെളിവുകളുമില്ല. ഇപ്പോൾ ആകെയുള്ളത് ഒരു പിറന്നാൾ പുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ അയച്ച കത്താണ്. അത് തന്‍റെയല്ല എന്നാണ് പ്രസിഡന്‍റിന്‍റെ വാദം.

പോരാട്ടം തുടരുമെന്ന് ഇരകൾ

എപ്സ്റ്റീന്‍റെ ഇരകളിൽ ഒരാളായ ലിസ വില്യംസ് ബിബിസിയോട് അസംതൃപ്തി തുറന്നു പറഞ്ഞിരുന്നു. എല്ലാ രേഖകളും പുറത്തുവിട്ടിട്ടില്ല. തീയതി കഴിഞ്ഞു. ഇരകളുടെ പേരുകൾ പുറത്തുവിടുകയും ചെയ്തു. ചില കളികളാണ്. എന്തായാലും തങ്ങൾ പോരാട്ടം തുടരുമെന്നാണ് ലിസയുടെ വാക്കുകൾ.

എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നുണ്ട് ഡമോക്രാറ്റുകൾ. ക്ലിന്‍റന്‍റെ മൊഴിയും വരാനിരിക്കുന്നതേയുള്ളൂ. എല്ലാം തിരിഞ്ഞു കറങ്ങാൻ അധികം സമയം വേണ്ടിവരില്ല, ചിലപ്പോൾ. എന്ത് പുറത്തുവന്നാലും അതിനെ കടത്തിവെട്ടുന്ന വിവാദങ്ങൾ സൃഷ്ടിച്ച് വന്നതിനെ പുകമറയിലാക്കുന്ന രീതിയുണ്ട്, ഡോണൾഡ് ട്രംപ് എന്ന അമേരിക്കൻ പ്രസിഡന്‍റിന് എന്നാണ് നിരീക്ഷണം.